വാഷിങ്‌ടൺ
ഇന്ത്യയിൽ മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കുമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമീഷൻ. പരാതികൾ കേൾക്കാൻ അടുത്തയാഴ്ച ഹിയറിങ് നടത്തും. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനാകുമോ എന്നാണ് പരിശോധിക്കുന്നതെന്ന് കമീഷൻ പ്രസ്താവനയിൽ പറഞ്ഞു. ജി20 ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യയിലെ ന്യൂനപക്ഷ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തെന്ന് വൈറ്റ് ഹൗസിൽനിന്ന് അറിയിച്ചിരുന്നു.
ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഗണിക്കാനായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക പ്രതിനിധി ഫെർണാണ്ട് ഡെ വെരെന്നാസ്, കോൺഗ്രസ് നിയമ ലൈബ്രറിയിലെ വിദേശ നിയമവിദഗ്‌ധൻ താരിഖ് അഹമ്മദ്, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വാഷിങ്‌ടൺ ഡയറക്ടർ സാറ യാഗെർ, ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ സുനിത വിശ്വനാഥ്, ജോർജ്‌ടൗൺ സർവകലാശാലയിലെ ഇന്ത്യൻ പൊളിറ്റിക്സ് പ്രൊഫസർ ഇർഫാൻ നൂറുദ്ദീൻ എന്നിവരെയാണ് ഹിയറിങ്ങിന് വിളിച്ചിരിക്കുന്നത്. മണിപ്പുരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയും ഹരിയാനയിൽ മുസ്ലിങ്ങൾക്കെതിരെയും നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഹിയറിങ്ങെന്നാണ് റിപ്പോർട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..