25 April Thursday

കേന്ദ്രമന്ത്രാലയത്തിൽ സ്വകാര്യമേഖലയിൽനിന്ന്‌ നേരിട്ട്‌ നിയമനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021


ന്യൂഡൽഹി
സ്വകാര്യമേഖലയിൽനിന്ന്‌ കേന്ദ്രമന്ത്രാലയങ്ങളിൽ ജോയിന്റ്‌ സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തസ്‌തികകളിൽ യുപിഎസ്‌സി 31 പേരെ നേരിട്ട്‌ നിയമിക്കുന്നു. മുതിർന്ന സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർ വഹിച്ചുവരുന്ന തസ്‌തികകളിലാണ്‌ കരാർ അടിസ്ഥാനത്തിലുള്ള നിയമനം. ധനം, വാണിജ്യം, കൃഷി മന്ത്രാലയങ്ങളിൽ ഓരോ ജോയിന്റ്‌ സെക്രട്ടറിമാർ ഇങ്ങനെയെത്തും.

വിവിധ മന്ത്രാലയങ്ങളിലായി 19 ഡയറക്ടർമാരും ഒമ്പത്‌ ഡെപ്യൂട്ടി സെക്രട്ടറിമാരും നേരിട്ടെത്തും. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച്‌ ചുരുക്കപ്പട്ടിക തയ്യാറാക്കിയശേഷം അഭിമുഖം നടത്തിയാണ്‌ അർഹരെ തെരഞ്ഞെടുത്തതെന്ന്‌ സർക്കാർ അറിയിച്ചു.

സർക്കാരിന്റെ നയപരമായ തീരുമാനങ്ങളും തന്ത്രപ്രധാന നടപടികളും എടുക്കുന്ന നിർണായക തസ്‌തികകളിലാണ്‌ സ്വകാര്യമേഖലയിൽനിന്നുള്ളവരെ താൽക്കാലികമായി നിയമിക്കുന്നത്‌. വിവരങ്ങൾ ചോരാനും സ്വകാര്യ കോർപറേറ്റുകൾക്ക്‌ ഭരണകാര്യങ്ങളിൽ ഇടപെടാനും ഇത്‌ വഴിയൊരുക്കും. നിശ്ചിത കാലയളവിലേക്കാണ്‌ നിയമനം.

ഇതോടൊപ്പം സിവിൽ സർവീസിൽ പുതുതായി നിയമിക്കുന്നവരെ കുറച്ചുകൊണ്ടുവരികയാണ്‌. 2015ൽ 1164 പേരെ നിയമിച്ചപ്പോൾ ഇക്കൊല്ലം 712 ഒഴിവാണ്‌ പ്രഖ്യാപിച്ചത്‌. 180 ഉദ്യോഗസ്ഥരെയെങ്കിലും വർഷത്തിൽ അധികമായി എടുക്കണമെന്നുള്ള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ റിപ്പോർട്ട്‌ നിലനിൽക്കെ ഓരോ വർഷവും നൂറോളം നിയമനം വെട്ടിക്കുറയ്‌ക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top