29 March Friday

ക്ഷീരവിപ്ലവം നയിച്ച്‌ ഉപ്ലട്ട ‘കമ്യൂണിസ്‌റ്റ്‌’ സംഘം ; ക്ഷീരോൽപ്പാദക സഹകരണസംഘം മികവിന്റെ മാതൃക

രാജ്‌കോട്ടിൽനിന്ന്‌ 
സാജൻ എവുജിൻUpdated: Monday Nov 28, 2022

ഉപ്ലട്ട ക്ഷീരസംഘം പ്രസിഡന്റ്‌ ദയാഭായ് ഗജേര കർഷകനായ ജാഗാ ഭായിക്കൊപ്പം സംഘം ഓഫീസിൽ


ഉപ്ലട്ടയിലെ ഏതു കാര്യത്തിലും കമ്യൂണിസ്റ്റുകാരുടെ കൈയൊപ്പുണ്ട്‌. 1950കൾ മുതൽ ഈ താലൂക്കിൽ ചെങ്കൊടി പാറുന്നു. പലതവണ മുനിസിപ്പൽ ഭരണം നയിച്ചു. ഇപ്പോൾ ഉപ്ലട്ട ശ്രദ്ധയാകർഷിക്കുന്നത്‌ ഗുജറാത്തിനും രാജ്യത്തിനും  മാതൃകയായ ക്ഷീരോൽപ്പാദക സഹകരണസംഘം വഴിയാണ്‌. അഖിലേന്ത്യാ കിസാൻസഭയുടെയും സിപിഐ എമ്മിന്റെയും പ്രവർത്തകരാണ്‌ നേതൃത്വം നൽകുന്നത്‌. ക്ഷീരവിപ്ലവം നയിച്ച അമുൽ ബിജെപി കൈയടക്കിയതോടെ അഴിമതിയിൽ മുങ്ങി. ഉപ്ലട്ട സംഘം സംശുദ്ധ പാതയിൽ മുന്നേറുന്നു.

ക്ഷീരകർഷകരെ കൊടിയ ചൂഷണത്തിൽനിന്ന്‌ സംരക്ഷിക്കാൻ 19 വർഷം മുമ്പാണ്‌ ഈ സംഘം രൂപീകരിച്ചത്‌. തുടക്കത്തിൽ പ്രതിദിനം 200 ലിറ്റർ പാലാണ്‌ സംഭരിച്ചിരുന്നതെങ്കിൽ ഇന്നത്‌ 5000 ലിറ്ററായി. 800 കർഷകർ അംഗങ്ങൾ. സ്വന്തമായി വെറ്ററിനറി ആശുപത്രിയുണ്ട്‌. കന്നുകാലികൾക്ക്‌ ചികിത്സ പൂർണമായും സൗജന്യം. ഈയിടെ ഗുജറാത്തിലാകെ ചർമ്മ മുഴ രോഗം പടർന്ന്‌ കന്നുകാലികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയപ്പോഴും ഉപ്ലട്ടയിൽ ജീവഹാനിയൊന്നും ഉണ്ടായില്ല. കൃത്യമായി വാക്‌സിനേഷൻ നൽകിയതാണ്‌ കന്നുകാലികളുടെ ജീവൻ രക്ഷിച്ചതെന്ന്‌ ഉപ്ലട്ട സംഘം വെറ്ററിനറി ആശുപത്രിയിലെ ഡോ. കൽപേഷ്‌ പറഞ്ഞു.

ഓരോ 10 ദിവസത്തിലും കർഷകർക്ക്‌ ഡിജിറ്റൽ സംവിധാനത്തിൽ പാലിന്റെ വില കൈമാറുന്നതായി സംഘം പ്രസിഡന്റും കിസാൻസഭാ സംസ്ഥാന പ്രസിഡന്റുമായ ദയാഭായി ഗജേര പറഞ്ഞു. കർഷകർക്ക്‌ നാലു ശതമാനം വാർഷിക ബോണസ്‌ നൽകുന്നു. 2021ൽ ദേശീയ ക്ഷീരസഹകരണ ഫെഡറേഷന്റെ  മികച്ച സംഘത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ശുചിത്വത്തിനുള്ള രണ്ടാം സ്ഥാനം സംസ്ഥാന സഹകരണ യൂണിയനിൽനിന്ന്‌ നേടി. വർഷങ്ങളായി രാജ്കോട്ട്‌ ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘമാണ്‌.

നിലവിലെ  ഭരണസമിതിയിലെ ഏഴംഗങ്ങളും സ്‌ത്രീകൾ. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ദിനേശ്‌ ഭായിയാണ്‌ സെക്രട്ടറി. ഏഴു ജീവനക്കാരുണ്ട്‌. ഉപ്ലട്ട മുനിസിപ്പൽ മേഖലയാണ്‌ പ്രവർത്തനപരിധി. പട്ടണത്തിൽ കാലിവളർത്തൽ പ്രോത്സാഹിപ്പിക്കാനും കർഷകർക്ക്‌ ന്യായവില  ലഭ്യമാക്കാനും കഴിയുന്നതാണ്‌ സംഘത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന്‌ ദയാഭായിയും ദിനേശ്‌ ഭായിയും പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top