18 September Thursday

യുപിയില്‍ ജഡ്‌ജിയെ 
വണ്ടിയിടിച്ച് 
കൊല്ലാന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

കൗശാമ്പി > ജാർഖണ്ഡിൽ ജഡ്‌ജിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തിയതിന് സമാനമായി ഉത്തർപ്രദേശില്‍ ജഡ്‌ജിയെ വാഹനമിടിച്ച്‌ കൊല്ലാൻ ശ്രമം. ഫത്തേപ്പുരിലെ  പോക്സോ കോടതിയിലെ  അഡീഷണൽ ജില്ലാ ജഡ്‌ജ്‌ മുഹമ്മദ്‌ അഹമ്മദ്‌ ഖാൻ സഞ്ചരിച്ച കാറിൽ ഇന്നോവ കാര്‍ ഒന്നിലേറെതവണ ഇടിച്ചുകയറ്റി.  കൗശാമ്പി ജില്ലയിലെ കൊഖ്രാജ്‌ മേഖലയിൽ വ്യാഴാഴ്‌ച രാത്രിയാണ്‌ സംഭവം.

കാറില്‍ ജഡ്‌ജി ഇരുന്ന ഭാ​ഗത്താണ് വാഹനം ഇടിച്ചുകയറ്റിയത്. ഗണ്‍മാന് പരിക്കേറ്റു. വാഹനത്തിന്‌ നാശമുണ്ടായി. 2020 ഡിസംബറിൽ ബറേലി കോടതിയിലായിരിക്കെ കുറ്റവാളിക്ക് ജാമ്യം നിഷേധിച്ചതിന് വധഭീഷണി ഉണ്ടായിരുന്നതായി ജഡ്‌ജി കൊഖ്രാജ്‌ പൊലീസില്‍ പരാതി നൽകി. കൗശാമ്പി സ്വദേശിയാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പരാതിയിലുണ്ട്. ഇന്നോവ കാര്‍ ‍പൊലീസ് കണ്ടെത്തി. ഡ‍്രൈവര്‍ പിടിയിലായി.

മൂന്നുപേരെ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു. ജാർഖണ്ഡിൽ ബുധനാഴ്‌ചയാണ്‌ പ്രഭാതസവാരിക്കിറങ്ങിയ അഡീഷണൽ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിനെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്തിയത്‌. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി രാജ്യത്തെ ജ‍ഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top