20 April Saturday

സമാജ്‌വാദി പാർടിയിലേക്കുള്ള ബിജെപി നേതാക്കളുടെ ഒഴുക്ക്‌ തുടരുന്നു ; വർഗീയ വിഷംചീറ്റി ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

imag credit twitter / yogi adityanath, amit shah


ന്യൂഡൽഹി  
യുപിയിൽ മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ പാർടി വിടുന്നതിനിടെ തീവ്രവർഗീയതയിലേക്ക്‌ പ്രചാരണം കേന്ദ്രീകരിച്ച്‌ ബിജെപി. ഞായറാഴ്‌ച ഡൽഹിക്കടുത്ത്‌ ഗാസിയാബാദിൽ വീടുകയറിയുള്ള പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥും  കൈരാനയിൽ പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും തീവ്രവർഗീയ പരാമർശങ്ങൾ നടത്തി.

എസ്‌പി ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കു മാത്രമാണ്‌ നേട്ടമെന്നായിരുന്നു യോഗിയുടെ വിഷംചീറ്റൽ. എസ്‌പി സർക്കാർ ഗാസിയാബാദിൽ ഹജ്ജ്‌ ഹൗസ്‌ നിർമിച്ചു. ബിജെപി  മാനസസരോവർ ഭവൻ നിർമിച്ചു. ഇതാണ്‌ വ്യത്യാസം. എസ്‌പി ഭരണത്തിൽ അയോധ്യാ ഭീകരാക്രമണക്കേസിലെ കുറ്റക്കാരെ വെറുതെവിട്ടു–- യോഗി പറഞ്ഞു.

നവംബറിലും സമാന വർഗീയ പരാമർശങ്ങൾ യോഗി നടത്തി. എസ്‌പി ഖബറിസ്ഥാനുകൾക്കു വേണ്ടിയാണ്‌ പണം ചെലവഴിച്ചിരുന്നതെന്നും ബിജെപി അമ്പലങ്ങൾക്കാണ്‌ പണം നൽകുന്നതെന്നും അയോധ്യയിൽ യോഗി പറഞ്ഞു. പൗരത്വ ഭേദഗതി നിയമവിഷയം ഉയർത്തി വീണ്ടും പ്രശ്‌നങ്ങൾക്ക്‌ ശ്രമം തുടങ്ങി. ചാച്ചാ ജാനോടും അബ്ബാജാനോടും ഒരു കാര്യം പറയാം, അനുയായികൾ വീണ്ടും കുഴപ്പങ്ങൾക്കു ശ്രമിച്ചാൽ കർക്കശമായി നേരിടും–- യോഗി പറഞ്ഞു. എസ്‌പി ഭരണത്തിൽ കൈരാനയിൽ പലായനം ചെയ്യേണ്ടി വന്നതായി ബിജെപി അവകാശപ്പെടുന്ന ഹിന്ദു കുടുംബങ്ങളുടെ വീടുകൾ കഴിഞ്ഞ ദിവസം അമിത്‌ ഷാ സന്ദർശിച്ചു. എസ്‌പി ഭരണത്തിൽ ഹിന്ദുക്കൾക്കു ജീവിക്കാനാകാത്ത സ്ഥിതിയായിരുന്നെന്നും ബിജെപി ഭരണത്തിൽ അത്‌ മാറിയെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി എംഎൽഎ  എസ്‌പിയിൽ
യുപിയിൽ സമാജ്‌വാദി പാർടിയിലേക്കുള്ള ബിജെപി നേതാക്കളുടെ ഒഴുക്ക്‌ തുടരുന്നു. ആഗ്രയിലെ ഫത്തേഹാബാദ്‌ എംഎൽഎ ജിതേന്ദ്ര വെർമ ഞായറാഴ്‌ച എസ്‌പി അംഗത്വമെടുത്തു. നേരത്തെ മൂന്ന്‌ മന്ത്രിമാർ അടക്കം 13 എംഎൽഎമാർ ബിജെപി വിട്ട്‌ എസ്‌പിയിലെത്തിയിരുന്നു. ഒബിസി വിഭാഗ നേതാക്കളാണ്‌ കൂടുതലും ബിജെപി വിട്ട്‌ മറ്റ്‌ പാർടികളിലേക്ക്‌ പോകുന്നത്‌. ദളിത്‌–- പിന്നാക്ക വിഭാഗക്കാരെ അഞ്ചുവർഷമായി യോഗി സർക്കാർ അവഗണിച്ചെന്നാണ്‌ ആക്ഷേപം.

യുവാക്കൾക്ക്‌ അവസരം നൽകാനെന്ന പേരിൽ ഫത്തേഹാബാദിൽ ജിതേന്ദ്രയ്‌ക്ക്‌ ബിജെപി സീറ്റ്‌ നിഷേധിച്ചിരുന്നു. പകരം 75 കാരനായ ഛോട്ടെലാൽ വെർമയെസ്ഥാനാർഥിയാക്കി. "കൂടുതൽ എംഎൽഎമാർ ബിജെപി വിടും. യുപിയിൽ എസ്‌പി അധികാരം പിടിക്കും. ബിജെപി ഭരണത്തിൽ സവർണർക്ക്‌ മാത്രമാണ്‌ പരിഗണന. ഇക്കുറി മത്സരിക്കില്ല.  ബിജെപിയുടെ തോൽവിക്കായി പ്രവർത്തിക്കും'–- ജിതേന്ദ്ര പറഞ്ഞു.

മുതിർന്ന ഒബിസി വിഭാഗം നേതാവും യോഗി സർക്കാരിൽ മന്ത്രിയുമായിരുന്ന സ്വാമിപ്രസാദ്‌ മൗര്യ, പിന്നാക്ക വിഭാഗത്തിൽനിന്നുള്ള മന്ത്രിമാരായ ധരംസിങ്‌ സെയ്‌നി, ധാരാ സിങ്‌ ചൗഹാൻ എന്നിവർ നേരത്തെ എസ്‌പിയിലെത്തി. 10 എംഎൽഎമാരുമെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിലേക്ക്‌ എത്തിച്ച ഒബിസി വിഭാഗം നേതാക്കൾ കൂട്ടമായി പാർടി വിടുന്നതിൽ ബിജെപി നേതൃത്വം അസ്വസ്ഥരാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top