19 April Friday
യുപിയിൽ വനംമന്ത്രിയും രാജിവച്ചു

രാജിഭൂകമ്പം ; യുപിയിൽ അടിതെറ്റി ബിജെപി ; കരുത്താര്‍ജിച്ച് എസ്‌പി മുന്നണി

സാജൻ എവുജിൻUpdated: Thursday Jan 13, 2022



ന്യൂഡൽഹി
തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഉത്തർപ്രദേശ്‌ ബിജെപിയിൽ  ഭൂകമ്പം സൃഷ്‌ടിച്ച്‌ നേതാക്കളുടെ കൂട്ടരാജി തുടരുന്നു.  തൊഴിൽമന്ത്രി സ്വാമി പ്രസാദ്‌ മൗര്യക്കുപിന്നാലെ  വനം–-പരിസ്ഥിതി മന്ത്രി ദാരാസിങ്‌ ചൗഹാനും പദവിയും പാര്‍ടിയുംവിട്ട് സമാജ്‌വാദി പാർടിയില്‍ ചേക്കേറി. മൗര്യയെപ്പോലെ പിന്നാക്കവിഭാഗങ്ങൾക്കിടയിൽ ഗണ്യമായ സ്വാധീനമുള്ള നേതാവാണ് ചൗഹാന്‍.

നാല്‌ എംഎൽഎമാരും ബിജെപിയിൽനിന്ന്‌ കഴിഞ്ഞദിവസം രാജിവച്ചു. യാദവ വിഭാഗത്തിനെതിരെ മറ്റ്‌ ഒബിസിക്കാരെ അണിനിരത്താനുള്ള ബിജെപി നീക്കമാണ്‌ ഇവരുടെ രാജിയിലൂടെ തകർന്നത്‌. യാദവ ഇതര വിഭാഗങ്ങളെ കൂട്ടിയിണക്കി 2017ൽ വിജയം നേടിയ ബിജെപിക്ക്‌ നേതാക്കളുടെ കൂട്ടരാജി വൻതിരിച്ചടിയായി. ഡൽഹിയിൽ നടക്കുന്ന സ്ഥാനാർഥിനിർണയ ചർച്ചയെയും ഇതു ബാധിച്ചു.

സാമൂഹ്യനീതി ലക്ഷ്യമിട്ട്‌ നീങ്ങുന്ന ദാരാസിങ്‌ ചൗഹാനെ എസ്‌പിയിലേക്ക്‌ സ്വാഗതം ചെയ്യുന്നുവെന്ന്‌ പാർടി അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ അഖിലേഷ്‌ യാദവ്‌ പ്രതികരിച്ചു.  ‘എല്ലാവരോടും ആദരം, എല്ലാവർക്കും ഇടം എന്നതാണ്‌’ എസ്‌പിയുടെ ശൈലി. ആരോടും വിവേചനമില്ല. സമത്വത്തിലേക്ക്‌  നീങ്ങുമെന്ന്‌ എസ്‌പിയും സഖ്യകക്ഷികളും പ്രതിജ്ഞയെടുക്കുന്നതായി അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. ബിജെപി പിന്നാക്ക, ദളിത്‌ വിഭാഗങ്ങളെയും കർഷകരെയും അവഗണിക്കുന്നതായി പാർടി വിട്ട നേതാക്കൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ്‌ അഖിലേഷിന്റെ പ്രഖ്യാപനം.

ചൗഹാനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. ബിജെപിയോട്‌ രോഷം പുലർത്തുന്ന പടിഞ്ഞാറൻ യുപിയിലെ  കർഷകരെയും കിഴക്കൻ യുപിയിലെ ചെറുകക്ഷികളെയും കൂട്ടിയിണക്കി സഖ്യം വിപുലീകരിച്ചിരിക്കുകയാണ് എസ്‌പി. ബിജെപി വിട്ട് കൂടുതല്‍ നേതാക്കള്‍ എത്തിയതോടെ മുന്നണി കൂടുതല്‍ കരുത്താര്‍ജിക്കും. മന്ത്രിമാരുടെ രാജിയില്‍ ഞെട്ടിയ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.   രാജി ബിജെപിയിൽ ഭൂകമ്പമുണ്ടാക്കിയെന്നും കൂടുതൽ നേതാക്കളും എംഎൽഎമാരും വരുംനാളുകളിൽ പാർടി വിടുമെന്നും സ്വാമി പ്രസാദ്‌ ടെലിവിഷൻ ചാനലിനോട്‌  പറഞ്ഞു. വെള്ളിയാഴ്ചയോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അത് ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ബിഎസ്‌പി നേതാവായിരിക്കെ സ്വാമി പ്രസാദ്‌ 2014ൽ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലുള്ള കേസിൽ അദ്ദേഹത്തിനെതിരെ സുൽത്താൻപുർ കോടതി അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. വിവാഹവേളകളിൽ വിഗ്രഹങ്ങളെ ആരാധിക്കേണ്ടതില്ലെന്നും സവർണജാതിക്കാരുടെ ഗൂഢാലോചനയാണ്‌ ഇതിനു പിന്നിലെന്നും പ്രസംഗിച്ചതിനാണ്‌ കേസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top