20 April Saturday
കേന്ദ്രബജറ്റ്‌ രാഷ്‌ട്രപതിയുടെ അഭിസംബോധന ഇന്ന്‌

ബജറ്റ്‌ സമ്മേളനം പ്രക്ഷുബ്ധമാകും ; അദാനി തട്ടിപ്പ്, ബിബിസി ഡോക്യുമെന്ററി 
തുടങ്ങിയവ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർടികൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

 

ന്യൂഡൽഹി
അദാനി കമ്പനി തട്ടിപ്പും ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക്‌ വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിയും ചൊവ്വാഴ്‌ച ആരംഭിക്കുന്ന പാർലമെന്റിന്റെ  ബജറ്റ്‌ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. ജനങ്ങളെ ബാധിക്കുന്ന ഇവ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം നൽകണമെന്ന്‌ കക്ഷിനേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

ഈ വിഷയങ്ങളും സംസ്ഥാന സർക്കാരുകൾക്കു നേരെ ഗവർണർമാരെ ഉപയോഗിച്ച്‌ കേന്ദ്രം നടത്തുന്ന ഫെഡറൽ തത്വങ്ങൾക്ക്‌ വിരുദ്ധമായ നീക്കങ്ങളും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള കേന്ദ്രശ്രമവും പാർലമെന്റിൽ ചർച്ച ചെയ്യപ്പെടണമെന്ന്‌ യോഗത്തിൽ സിപിഐ എം രാജ്യസഭ കക്ഷിനേതാവ്‌ എളമരം കരീം ആവശ്യപ്പെട്ടു.

കർഷകസമരം ഒത്തുതീർക്കാൻ കേന്ദ്രം നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ല. വൈദ്യുതിനിയമ ഭേദഗതി ബിൽ നടപ്പാക്കാൻ ശ്രമിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്‌മ പ്രശ്‌നങ്ങളും ചർച്ചചെയ്യണമെന്ന്‌ കരീം ആവശ്യപ്പെട്ടു. ഇതരകക്ഷി നേതാക്കളും വിഷയങ്ങൾ ഉന്നയിച്ചു. ജോഡോ യാത്ര പ്രമാണിച്ച്‌ കോൺഗ്രസ്‌ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല.

കാര്യപരിപാടിയിൽ ഈ വിഷയങ്ങളിലെ ചർച്ച  ഉൾപ്പെടുത്താമെന്ന്‌ ഉറപ്പ്‌ നൽകാൻ യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ തയ്യാറായില്ല.
ചൊവ്വാഴ്‌ച രാവിലെ രാഷ്‌ട്രപതി ദ്രൗപദി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ സെൻട്രൽ ഹാളിൽ അഭിസംബോധന ചെയ്യും. ജൂലൈയിൽ സ്ഥാനമേറ്റ രാഷ്‌ട്രപതി മുർമു സെൻട്രൽ ഹാളിൽ സംയുക്തസമ്മേളനത്തെ ആദ്യമായാണ്‌ അഭിസംബോധന ചെയ്യുന്നത്‌.  
സാമ്പത്തിക സർവേ ഇരുസഭയിലും മേശപ്പുറത്ത്‌ വയ്‌ക്കും.  ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ്‌ അവതരിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top