24 April Wednesday
ഇന്ന്‌ അന്താരാഷ്ട്ര ദിനാചരണം

ആക്രമണങ്ങളിൽനിന്ന്‌ വിദ്യാഭ്യാസത്തെ സംരക്ഷിക്കുക ; 35 രാജ്യങ്ങളിലെ സംഘർഷ മേഖലകളിൽ 
 7.5 കോടി വിദ്യാർഥികൾ

റിസേർച്ച്‌ ഡെസ്‌ക്‌Updated: Wednesday Sep 8, 2021


തിരുവനന്തപുരം
ലോകമെമ്പാടും വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമണം നേരിടുകയാണെന്ന്‌ ഐക്യരാഷ്ട്ര സംഘടന. ഇത്‌ വിദ്യാഭ്യാസമേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്കു നേരെയുള്ള ആക്രമണങ്ങൾ കുട്ടികളുടെ തലമുറയെ സാരമായി ബാധിക്കുന്നു. 35 രാജ്യത്തെ സംഘർഷമേഖലകളിൽ മൂന്നിനും 18 വയസ്സിനുമിടയിൽ 7.5 കോടി വിദ്യാർഥികളുണ്ട്‌. ഇവരുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പ്‌ വരുത്തണമെന്ന്‌  ‘ആക്രമണങ്ങളിൽനിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന’തിനുള്ള ദിനാചാരണ സന്ദേശത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആക്രമണങ്ങളിൽ സാരമായി പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌ത വിദ്യാർഥികളുടെയും അധ്യാപകരുടെയും അക്കാദമിക് വിദഗ്ധരുടെയും എണ്ണം 22,000ൽ അധികമാണെന്ന്‌  ‘എഡ്യൂക്കേഷൻ അണ്ടർ അറ്റാക്ക്‌–- 2020’ റിപ്പോർട്ടിൽ പറയുന്നു. സിറിയയിൽ 40 ശതമാനം സ്‌കൂളും തകർന്നു. ഉന്നത വിദ്യാഭ്യാസമേഖലയ്‌ക്കുനേരെ ആയിരത്തി ഇരുനൂറിലധികം ആക്രമണമാണ്‌ ലോകത്ത്‌ നടന്നത്‌. ഇതിൽ 75 ശതമാനം ഔദ്യോഗിക സേനകളാണ്‌ നടത്തിയത്‌.

തൊണ്ണൂറ്റിമൂന്ന്‌ രാജ്യത്തായി 11,000 ആക്രമണമാണ്‌ അഞ്ചുവർഷത്തിനിടെ നടന്നത്‌. കൂടുതൽ ആക്രമണം നടന്ന 37 രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യയുമുണ്ട്‌. ഈ രാജ്യങ്ങളിൽ സ്‌കൂളുകളെയും സർവകലാശാലകളെയും സൈനികത്താവളങ്ങൾ, തടങ്കൽകേന്ദ്രങ്ങൾ, ആയുധപ്പുരകൾ തുടങ്ങിയവയ്‌ക്കായി സൈന്യവും ഭീകര സംഘടനകളും ഉപയോഗിക്കുന്നു. ഇവിടെ അധ്യാപകരും വിദ്യാർഥികളും ആക്രമണങ്ങൾക്ക്‌ ഇരയാകുന്നു.

ഇന്ത്യയിൽ സൈന്യവും മറ്റ്‌ സേനാവിഭാഗങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈയടക്കിയ ആയിരത്തിലധികം സംഭവമാണുള്ളത്‌. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, സിറിയ, യമൻ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലാണ്‌ ഇന്ത്യയെക്കൂടതെ ഈ വിഭാഗത്തിലുള്ളത്‌. വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ ആക്രമണം, ലൈംഗികാതിക്രമം തുടങ്ങിയവ നടക്കുന്ന 37 രാജ്യത്തിൽ ഒന്ന്‌ ഇന്ത്യയാണെന്നും യുഎൻ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top