ജനീവ
കോവിഡ് വകഭേദമായ ഡെൽറ്റ ഇന്ത്യയിൽ 2.4 ലക്ഷം പേരുടെ ജീവൻ കവർന്നെന്ന് യുൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഏപ്രിൽമുതൽ ജൂൺവരെയാണ് ഇത്രയും മരണം. ഇന്ത്യയില്‍ വീണ്ടും സമാന സാഹചര്യമാണെന്നും ലോക സാമ്പത്തിക സാഹചര്യം സംബന്ധിച്ച യുഎന്‍ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. രണ്ടാംതരംഗത്തിൽ ഇന്ത്യയിലെ മരണസംഖ്യ കുത്തനെ ഉയർന്നു. ആരോഗ്യസംവിധാനം താറുമാറായി. രാജ്യത്തിന്റെ സാമ്പത്തികമേഖലയുടെ വീണ്ടെടുപ്പിനെയും സാരമായി ബാധിച്ചു. ഡെൽറ്റയേക്കാൾ വേഗത്തിൽ പടരുന്ന ഒമിക്രോൺ ഇന്ത്യയിൽ വർധിക്കുകയാണ്. ഇത് ജീവനും സാമ്പത്തികമേഖലയ്‌ക്കും കൂടുതൽ ഭീഷണിയാകും–- റിപ്പോർട്ടിൽ പറഞ്ഞു.
ദക്ഷിണേന്ത്യൻ രാജ്യങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഇത് പുതിയ വകഭേദങ്ങൾക്കും ആവർത്തിച്ചുള്ള വ്യാപനത്തിനും ഇടയാക്കുന്നു. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുന്നതുൾപ്പെടെ രാജ്യങ്ങളുടെ ഒറ്റക്കെട്ടായ നീക്കമില്ലെങ്കിൽ മഹാമാരി തുടരുമെന്നും യുഎൻ സാമ്പത്തിക സാമൂഹ്യ വിഭാഗം അണ്ടർ ജനറൽ സെക്രട്ടറി ലിയു സെൻമിൻ മുന്നറിയിപ്പ് നല്‍കി.
2.64 ലക്ഷം രോഗികള്‍
രാജ്യത്ത് 24 മണിക്കൂറിൽ 2,64,202 കോവിഡ് ബാധിതര്‍. ഒറ്റദിവസത്തിൽ 6.7 ശതമാനം വർധന. രോഗസ്ഥിരീകരണ നിരക്ക് 14.78 ശതമാനം. രാജ്യത്ത് ഒമിക്രോൺ ബാധിതര്‍ 5753 ആയി. മധ്യപ്രദേശിൽ സ്കൂളുകളും ഹോസ്റ്റലുകളും അടച്ചു. സമ്മേളനങ്ങളും റാലികളും വിലക്കി. പശ്ചിമബംഗാളിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ആറ് ആഴ്ചത്തേക്ക് നീട്ടിവയ്ക്കാമോയെന്ന് കൊൽക്കത്ത ഹൈക്കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആരാഞ്ഞു.
തമിഴ്നാട്ടിൽ ലക്ഷം രോഗികള്‍
ഏഴുമാസത്തിനുശേഷം തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ ആകെ എണ്ണം ലക്ഷം പിന്നിട്ടു. 210 ദിവസത്തിനുശേഷമാണ് രോഗികളുടെ എണ്ണം വീണ്ടും ലക്ഷം കടക്കുന്നത്. ഡിസംബർ അവസാനത്തോടെയാണ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നുതുടങ്ങിയത്. വ്യാഴാഴ്ച 20,911 പേർക്ക് കോവിഡ്, 25 മരണം. 13.3 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 241 ആയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..