06 July Sunday
ഷിൻഡെയെ മുൻനിർത്തി ബിജെപിയുടെ
 ചതിപ്രയോ​ഗം

പിന്നില്‍നിന്ന് കുത്തി ; 
കുതിരക്കച്ചവടം നടത്തി ബിജെപി

തയ്യാറാക്കിയത് 
റിസര്‍ച്ച് ഡസ്ക്Updated: Wednesday Jun 29, 2022

image credit uddhav thackeray facebook


മുഖ്യമന്ത്രി പദവിക്കായുള്ള 2019ലെ തർക്കത്തില്‍നിന്നാണ്‌ മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങളുടെ തുടക്കം. 2019 ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നണിയായി നേരിട്ട ശിവസേനയും ബിജെപിയും മുഖ്യമന്ത്രി പദവിയെച്ചൊല്ലി വഴിപിരിയുകയായിരുന്നു. രണ്ടരവർഷം വീതം പദവി പങ്കിടാമെന്ന ധാരണ ഫലം വന്നശേഷം ബിജെപി തള്ളിയതോടെ ശിവസേന എൻഡിഎ വിട്ടു. 105 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക്‌ ആദ്യഘട്ടത്തിൽ സർക്കാർ രൂപീകരിക്കാനായില്ല.  തുടർന്ന്‌ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 288 അംഗസഭയിൽ ശിവസേന–- 56, എൻസിപി–- 54, കോൺഗ്രസ്‌ 44 എന്നിങ്ങനെയായിരുന്നു പ്രധാന കക്ഷികളുടെ സീറ്റ്‌ നില.

പ്രതിപക്ഷ മുന്നണിയുടെ ഭാഗമായ എൻസിപിയിൽനിന്ന്‌ ഒരു വിഭാഗത്തെ അടർത്തിയെടുത്ത്‌ 2019 നവംബർ 23ന്‌ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി. എൻസിപി നേതാവ്‌ അജിത്‌ പവാർ ഉപമുഖ്യമന്ത്രിയും. അജിത്‌ പവാറിനെതിരെ എൻസിപി രംഗത്തുവന്നു. പിന്നാലെ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നീക്കത്തിനെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടതിനു പിന്നാലെ ഫഡ്‌നാവിസും അജിത്‌ പവാറും രാജിവച്ചു. നാലുദിവസം മാത്രമായിരുന്നു സർക്കാരിന്റെ ആയുസ്സ്‌. തുടർന്ന്‌ ശിവസേന, എൻസിപി, കോൺഗ്രസ്‌ കക്ഷികൾ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചു. ഇടയ്‌ക്ക്‌ അസ്വാരസ്യങ്ങൾ ഉയർന്നെങ്കിലും ഭരണം മുന്നോട്ടുപോയി.  

നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ പതിവുപോലെ കുതിരക്കച്ചവടത്തിലാണ്‌ എത്തിയത്‌. മുമ്പ്‌ സഖ്യകക്ഷിയായിരുന്ന ശിവസേനയുടെ എംഎൽഎമാരെ അടർത്തിമാറ്റി ത്രികക്ഷി സർക്കാരിനെ അട്ടിമറിക്കാനായിരുന്നു നീക്കം. ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ്‌ ഷിൻഡെയെ മുൻനിർത്തിയുള്ള നീക്കം ഇപ്പോൾ വിജയം കാണുകയാണ്‌. ശിവസേന എംഎൽഎമാരും സ്വതന്ത്രരുമടക്കം 50 പേർ തനിക്കൊപ്പമുണ്ടെന്നാണ്‌ ഷിൻഡെയുടെ അവകാശവാദം. എൻസിപിയുടെ രണ്ട്‌ അംഗങ്ങളായ നവാബ്‌ മാലിക്കും അനിൽ ദേശ്‌മുഖും നിലവിൽ ജയിലിലാണ്‌. സാമ്പത്തിക കുറ്റകൃത്യം ആരോപിച്ചാണ്‌ ഇരുവരെയും കേന്ദ്ര ഏജൻസി അറസ്റ്റ്‌ ചെയ്‌തത്‌.

ബിജെപിയുടെ ഭരണ അട്ടിമറി നീക്കത്തിനെതിരെ വിശ്വാസ വോട്ടെടുപ്പിൽ എഐഎംഐഎമ്മിന്റെ രണ്ട്‌ അംഗങ്ങളും മഹാ വികാസ്‌ അഘാഡിയെ പിന്തുണയ്‌ക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അതേസമയം എംഎൻഎസ്‌ ബിജെപിക്ക്‌ പിന്തുണ അറിയിച്ചിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top