06 July Sunday
ഭട്‌നാവിസ്‌ മുഖ്യമന്ത്രിയും ഷിൻഡെ ഉപമുഖ്യമന്ത്രിയുമാകാൻ സാധ്യത

തിരിച്ചടി, രാജി ; മഹാസഖ്യ സർക്കാർ വീണു ; വിജയിച്ചത്‌ ബിജെപിയുടെ അട്ടിമറിനീക്കം

എം അഖിൽUpdated: Thursday Jun 30, 2022


ന്യൂഡൽഹി
വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ നിർദേശം തടയണമെന്ന ശിവസേനയുടെ ഹർജി സുപ്രീം കോടതി തള്ളിയതിനെ തുടർന്ന്‌ മഹാരാഷ്ട്രയിൽ ഉദ്ധവ്‌ താക്കറെ മുഖ്യമന്ത്രിപദം രാജിവച്ചു.  ഇതോടെ രണ്ടാഴ്‌ചയോളം നീണ്ട രാഷ്ട്രീയനാടകത്തിന്‌ വിരാമമായി.  ശിവസേനയിലെ വിമത എംഎൽഎമാരെ കരുവാക്കി ബിജെപി നടത്തിയ അട്ടിമറിനീക്കമാണ്‌ രാജിയിലേക്കെത്തിച്ചത്‌.  ബുധനാഴ്‌ച വൈകിട്ട്‌ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി മൂന്നരമണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് സഭയില്‍ വിശ്വാസം തെളിയിക്കാന്‍ നിര്‍ദേശിച്ചത്. തുടർന്ന്‌ രാത്രി 9.30ന്‌ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ എത്തി ഉദ്ധവ്‌ രാജി പ്രഖ്യാപിച്ചു. രണ്ടുവർഷവും 213 ദിവസവും പിന്നിട്ട മഹാവികാസ്‌ അഖാഡി സഖ്യസര്‍ക്കാരിന് ഇതോടെ അന്ത്യമായി.  നിയമസഭാ കൗണ്‍സില്‍ അം​ഗത്വവും ഉദ്ധവ് രാജിവച്ചു. രാജി പ്രഖ്യാപനത്തിന് ശേഷം  ​ഗവര്‍ണര്‍ക്ക് രാജികത്ത് കൈമാറി. ഒപ്പംനിന്നതിന് സോണിയ​ഗാ​ന്ധിക്കും ശരദ് പവാറിനും നന്ദി അറിയിച്ചു.

രാജിയോടെ വ്യാഴാഴ്ച നിശ്ചയിച്ച വിശ്വാസവോട്ടെടുപ്പിന്റെ പ്രസക്തി നഷ്‌ടമായി.  പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിക്കാന്‍ ​ഗവര്‍ണര്‍ക്ക് അവസരമൊരുങ്ങി. ഏക്‌നാഥ്‌ ഷിന്‍ഡെ പക്ഷത്തെ കൂടി ചേര്‍ത്താല്‍ ബിജെപി പക്ഷത്തിന് 162 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടാം. ബിജെപി നേതാവ്‌ ഭഡ്നാവിസ്‌ ഇതിനകം തന്നെ ഗവർണറെ കണ്ട്‌ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്‌. ബിജെപി കരുനീക്കങ്ങൾക്ക്‌ ഒപ്പം നിൽക്കുന്ന ഗവർണറുടെ പക്കൽ നിന്ന്‌ മറിച്ചൊരു നീക്കമുണ്ടാകാനിടയില്ല. ഭട്‌നാവിസിന്‌ പിന്നീട്‌ സഭയിൽ ഭൂരിപക്ഷം തെളിയിച്ചാൽ മതിയാകും.  ഷിൻഡെ ഉപമുഖ്യമന്തിയായേക്കും.

വ്യാഴാഴ്‌ച വിശ്വാസവോട്ടെടുപ്പ്‌ നടത്തിയാൽ  ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ഉദ്ധവ്‌ കളമൊഴിയാൻ തീരുമാനിച്ചത്‌. 2019 നവംബറിലാണ്‌ ശിവസേന–- എൻസിപി– -കോൺഗ്രസ്‌ (മഹാവികാസ്‌ അഖാഡി) സഖ്യത്തിന്റെ മന്ത്രിസഭ അധികാരമേറ്റത്‌. ശിവസേനാനേതാവും ഉദ്ധവിന്റെ വിശ്വസ്‌തനുമായിരുന്ന ഏകനാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതഎംഎൽഎമാരെ അടർത്തിയെടുത്ത്‌ ബിജെപി നടത്തിയ കരുനീക്കങ്ങളാണ്‌ സർക്കാരിന്റെ പതനത്തിൽ കലാശിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top