19 March Tuesday
അമിത്‌ ഷായ്‌ക്കൊപ്പമുള്ള ചിത്രം പുറത്ത്

ലഷ്‌കറെ ഭീകരനുമായുള്ള ബന്ധം : ഉത്തരംമുട്ടി ബിജെപി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

ലഷ്‌കറെ കമാൻഡറും ബിജെപി നേതാവുമായ താലിബ്‌ ഹുസൈൻ ഷാ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്കൊപ്പം


ന്യൂഡൽഹി
ഉദയ്‌പുരിൽ കൊലചെയ്യപ്പെട്ട കനയ്യ ലാലിന്റെ ഘാതകന്റെ സംഘപരിവാർ ബന്ധം പുറത്തുവന്നതിനു പിന്നാലെ ജമ്മുവിൽ ലഷ്‌കറെ ഭീകരനായ ബിജെപി നേതാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച സംഭവം ബിജെപി നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി. ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്കൊപ്പമുള്ള ലഷ്‌കറെ ഭീകരന്റെ ചിത്രവും പുറത്തുവന്നു. ലഷ്‌കറെ ഭീകരൻ എങ്ങനെ നേതാവായി മാറിയെന്നതിന്‌ ബിജെപി മറുപടി പറയണമെന്ന്‌ പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു. വിഷയത്തിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അതേസമയം, ലഷ്‌കറെ ഭീകരൻ ബിജെപി അംഗമായിരുന്നില്ലെന്ന്‌ നേതൃത്വം അവകാശപ്പെട്ടു.

ലഷ്‌കറെ കമാൻഡറായ താലിബ്‌ ഹുസൈൻ ഷായെയും ഫൈസൽ അഹമ്മദ്‌ ദറിനെയുമാണ്‌ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്‌.
ലഷ്‌കറയ്‌ക്കായി പ്രവർത്തിക്കുമ്പോൾത്തന്നെ ബിജെപിയിലും താലിബ്‌ സജീവമായിരുന്നു. മൂന്നുവർഷമായി ജമ്മുവിലെ ബിജെപി പരിപാടികളിൽ സ്ഥിരം സാന്നിധ്യം. കഴിഞ്ഞ മേയിൽ താലിബിനെ ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ഐടി സെൽ മേധാവിയായി നിയമിക്കുകയും ചെയ്‌തു. ബിജെപി ലെറ്റർപാഡിലുള്ള നിയമന ഉത്തരവും പുറത്തുവന്നു. ബിജെപി ജമ്മു കശ്‌മീർ അധ്യക്ഷൻ രവീന്ദ്ര റെയ്‌നയുടെ അടുപ്പക്കാരനുമാണ്‌ താലിബ്‌.

നിഷ്‌പക്ഷ അന്വേഷണം വേണം: സിപിഐ എം  
ലഷ്‌കറെ ഭീകരൻ എങ്ങനെ നേതാവായെന്ന്‌ ബിജെപി വിശദീകരിക്കണമെന്ന്‌ യെച്ചൂരി ആവശ്യപ്പെട്ടു. ഏറെ ഗൗരവമേറിയ വിഷയമാണ് ഇത്‌. നിഷ്‌പക്ഷ അന്വേഷണം വേണം. രാജ്യം ഈ നിലയ്‌ക്ക്‌ എങ്ങനെ സുരക്ഷിതമായി തുടരുമെന്നും യെച്ചൂരി ട്വിറ്റർ കുറിപ്പിൽ ആരാഞ്ഞു.
പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തിയും അന്വേഷണം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top