11 August Thursday

ഉദയ്‌‌പൂർ കൊലപാതകം: പ്രതികളിലൊരാൾക്ക്‌ പാക്ക്‌ ബന്ധമെന്ന്‌ പൊലീസ്‌

സ്വന്തം ലേഖകൻUpdated: Wednesday Jun 29, 2022

ന്യൂഡൽഹി> രാജസ്ഥാനിലെ ഉദയ്‌പൂരിൽ  തയ്യൽക്കടക്കാരൻ കനയ്യ ലാലിനെ വധിച്ച പ്രതികളിലൊരാൾക്ക്‌ പാക്ക്‌ ബന്ധമെന്ന്‌ രാജസ്ഥാൻ ഡിജിപി എം എൽ ലാതർ. താലിബാൻ മോഡൽ കൊലപാതകം നടത്തിയ രണ്ടംഗ സംഘത്തിലെ ഗൗസ്‌   മുഹമ്മദിന്‌  പാക്ക്‌ ഭീകര സംഘടനയായ  ദഅവത്ത് -ഇ– ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും 2014 ൽ ഇയാൾ കറാച്ചി സന്ദർശിച്ചിരുന്നതായും ഡിജിപി പറഞ്ഞു.

അതിനിടെ  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന്‌  കൊലപാതകത്തിൽ എൻഐഎ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. സംഭവ ദിവസം രാത്രി തന്നെ കൊലപാതകം നടത്തിയ ഗൗസ് മുഹമ്മദ്‌, റിയാസ് അക്തരി എന്നിവരെ പൊലീസ്‌ പിടികൂടി യുഎപിഎ ചുമത്തിയിരുന്നു. ബൈക്കിൽ ഹെൽമറ്റ്‌ ധരിച്ച്‌ രക്ഷപെടാൻ ശ്രമിച്ച ഇരുവരെയും സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ  ബുധനാഴ്‌ച അഞ്ചു പേരെക്കൂടി അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കനയ്യലാലിന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടത്തി സംസ്‌കരിച്ചു. വീടിനും സമീപത്തും കനത്ത സുരക്ഷയാണൊരുക്കിയത്‌. ഭർത്താവിനെ വധിച്ചവരെ തൂക്കിക്കൊല്ലണമെന്ന്‌ ഭാര്യ ജശോധ പറഞ്ഞു. നൂപൂർ ശർമയെ കനുകൂലിച്ച്‌ മതവിദ്വേഷം പ്രചരിപ്പിച്ചതിന്‌ ജാമ്യത്തിലിറങ്ങി

ഒരാഴ്‌ച കഴിഞ്ഞാണ്‌  കനയ്യലാൽ കൊല്ലപ്പെട്ടത്‌. അയൽക്കാരനിൽ നിന്ന്‌ വധഭീഷണി ഉണ്ടെന്ന്‌ കാട്ടി ഇയാൾ പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ്‌ ചർച്ച ചെയ്‌ത്‌ പരിഹരിച്ചിരുന്നു. കട തുറക്കാതിരുന്ന കനയ്യലാലിനെ ലക്ഷ്യമിട്ട്‌ ഒരാഴ്‌ചയായി പ്രതികൾ കാത്തിരിക്കുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു. അതിനിടെ കൊലപാതകത്തെ തള്ളി മുസ്ലീം സംഘടനകളും പണ്ഡിതരും രംഗത്തെത്തി. ഡൽഹി ജമാ മസ്‌ജിദ്‌ ഇമാം സയ്യിദ് അഹമ്മദ് ബുഖാരി, മുസ്ലിം വ്യക്തിനിയമ ബോർഡ്‌, ജംയ്യത്ത് ഉലമ- ഇ -ഹിന്ദ് തുടങ്ങിയവർ കൊലപാതകത്തെ അനിസ്‌ലാമികവും ഭീകര പ്രവർത്തനുമെന്നുമാണ്‌ വിശേഷിപ്പിച്ചത്‌.

കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തിന്‌ 31 ലക്ഷം രൂപ നഷ്‌ടപരിഹാരവും രണ്ട്‌ ആൺമക്കൾക്ക്‌ ജോലി നൽകുമെന്നും രാജസ്ഥാൻ സർക്കാർ അറിയിച്ചു. സംഘർഷങ്ങളുണ്ടാകാതിരിക്കാൻ സംസ്ഥാനത്ത്‌ സുരക്ഷ കർശനമാക്കി. ഒരാഴ്‌ചത്തേയ്‌ക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. യുപി സർക്കാരും ജാഗ്രതയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top