19 April Friday
46 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു , മണിക്‌ സർക്കാർ മത്സരിക്കുന്നില്ല

ത്രിപുര തെരഞ്ഞെടുപ്പ് : ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

ഗോപിUpdated: Wednesday Jan 25, 2023

 

കൊല്‍ക്കത്ത> ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 60 സീറ്റുകളാണുള്ളത്. അതില്‍  ഇടതുമുന്നണി 46 ഇടത്ത്  മത്സരിക്കും. ബാക്കി സ്ഥലങ്ങളില്‍ ബിജെപിയെ പരാജപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ ജനാധിപത്യ മതേതര കക്ഷികളെ പിന്തുണയ്ക്കും . ധാരണ അനുസരിച്ച് ് 13 സീറ്റില്‍  കോണ്‍ഗ്രസിനും ഒരിടത്ത് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ പുരുഷോത്തം റായ് ബര്‍മ്മനും  പിന്തുണ നല്‍കും.

ഇടതുമുന്നണിയില്‍  സിപിഐഎം 43 ഉം ഘടകകക്ഷിളായ സിപിഐ, ആര്‍ എസ്പി, ഫോര്‍വേഡ് ബ്ലോക്ക് ഒരോ സീറ്റിലുമാണ് മത്സരിക്കുക. സിപിഐഎം സ്ഥാനാര്‍ത്ഥികളില്‍ 26 പേര്‍ പുതുമുഖങ്ങളാണ്. മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ല.  മുന്‍ ഇടതുമുന്നണി സര്‍ക്കാരിലെ പല മന്ത്രിമാരും മത്സരിക്കുന്നില്ല. മണിസര്‍ക്കാര്‍ അഞ്ച് തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട ധാന്‍പൂരില്‍ പുതുമുഖമായ കൗഷിക്ക് ചന്ദ് ആണ് ഇത്തവണ സിപിഐഎം സ്ഥാനാര്‍ത്ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതന്‍ ചൗധരി സബ്‌റും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും.

ആകെയുള്ള 60 സീറ്റില്‍ 19 എണ്ണം പട്ടിക വര്‍ഗത്തിനും (ആദിവാസി വാഭാഗം)  11 എണ്ണം പട്ടിക ജാതിയ്ക്കും സംവരണം ചെയ്തിരിക്കുകയാണ്.  ബുധനാഴ്ച സിപിഐഎമ്മും , ഇടതുമുന്നണി സംസ്ഥാന കമ്മറ്റികള്‍ പ്രത്യേകം യോഗം ചേര്‍ന്ന ശേഷമാണ് സ്ഥാനര്‍ത്ഥി പട്ടിക അന്തിമമായി അംഗീകരിച്ചത്.

ഇടതുമുന്നണി കണ്‍വീനര്‍ നാരായണ്‍ കൗര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതന്‍ ചൗധരിയുമാണ്  ആണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ എല്ലാ ഘടക കക്ഷി നേതാക്കളും സന്നിഹിതരായിരുന്നു.

ത്രിപുര ജനതയുടെ താത്പര്യത്തിന്  ഫാസിസ്റ്റ് വര്‍ഗീയ ശക്തിയായ ബിജെപിയെ പരാജപ്പെടുത്തുകയെന്നതാണ് മുഖ്യ അജണ്ഡയെന്നും  അതിനായി എല്ലാ ജനാധിപത്യ മതേതര ശക്തികളേയും  യോജിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പരിപാടിയാണ് സിപിഐഎമ്മും ഇടതുമുന്നണിയും ആവിഷ്‌ക്കരിക്കുന്നതെന്ന് ജിതന്‍ ചൗധരി പറഞ്ഞു. ആദിവസി പാര്‍ടിയായ ത്രിപ്‌ര മോത കക്ഷിയുമായി നീക്കു പോക്കുണ്ടാക്കാനുള്ള ശ്രമം നടന്നെങ്കിലും പ്രത്യേക ആദിവാസി സംസ്ഥാനമെന്ന അവരുടെ വാദത്തോട് യോജിക്കാന്‍ കഴിയാത്തതിനാല്‍ തെരഞ്ഞെടുപ്പ് ധാരണയില്ല.

നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടന്നാല്‍  ഇടതു മുന്നണിയും ജനാധിപത്യ കക്ഷികളും  വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നതില്‍ സംശയമില്ലെന്ന് നാരായണ്‍ കൗര്‍  പറഞ്ഞു. ഫെഫ്രുവരി 16നാണ് ത്രിപുരയില്‍ വോട്ടെടുപ്പ്. ഫല പ്രഖ്യാനം മാര്‍ച്ച്  രണ്ടിനും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top