28 March Thursday
അഴിമതിയും വാഗ്‌ദാന ലംഘനവും പതിവാക്കി

ത്രിപുരയുടെ ഖ്യാതി നഷ്ടപ്പെടുത്തിയ 5 വർഷം ; ബിജെപി ഭരണത്തിൽ ക്രമസമാധാനം തകർന്നടിഞ്ഞു

സാജൻ എവുജിൻUpdated: Thursday Jan 19, 2023


 
ന്യൂഡൽഹി
കഴിഞ്ഞ അഞ്ചുവർഷത്തെ ബിജെപി ഭരണംവഴി ത്രിപുരയ്‌ക്ക്‌ നഷ്ടമായത്‌ മുമ്പുണ്ടായിരുന്ന ഇടതുമുന്നണി സർക്കാരുകൾ നേടിക്കൊടുത്ത ഖ്യാതി. ഇപ്പോൾ ഭീകരവാഴ്‌ച നിലനിൽക്കുന്ന സംസ്ഥാനമായി ത്രിപുരയെന്ന്‌ ബിജെപിക്കാർ അടക്കം പറയുന്നു. 25 വർഷത്തേക്ക്‌ മുഖ്യമന്ത്രിയെന്ന്‌ വിശേഷിപ്പിച്ച്‌ 2018ൽ കൊണ്ടുവന്ന ബിപ്ലബ്‌കുമാർ ദേബിനെ ഭരണപരാജയവും വിഭാഗീയതയും ക്രമസമാധാനത്തകർച്ചയും കാരണം മാറ്റേണ്ടിവന്നു. പണമൊഴുക്കി വൻതോതിൽ കൂറുമാറ്റം സംഘടിപ്പിച്ചും കപട വാഗ്‌ദാനങ്ങൾ നൽകിയും ഭരണം പിടിച്ചെടുത്ത ബിജെപി സർക്കാർ വൻജനരോഷം നേരിടുന്ന ഘട്ടത്തിലാണ്‌ തെരഞ്ഞെടുപ്പെത്തുന്നത്‌.

ത്രിപുരയിൽ 1978ലാണ് ആദ്യമായി ഇടതുമുന്നണി സർക്കാർ നിലവിൽവന്നത്. ഭൂപരിഷ്‌കരണം നടപ്പാക്കിയും ആദിവാസികളുടെ ശാക്തീകരണത്തിനായി ത്രിപുര ആദിവാസിമേഖല സ്വയംഭരണ ജില്ലാ കൗൺസിൽ സ്ഥാപിച്ചും ഇടതുമുന്നണിയുടെ ആദ്യകാല സർക്കാരുകൾ സംസ്ഥാനത്തെ മുന്നോട്ടുനയിച്ചു.1988ൽ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ഇടതുമുന്നണിയെ അധികാരത്തിൽനിന്ന് പുറത്താക്കി. തുടർന്ന് അഞ്ചുവർഷം സംസ്ഥാനത്ത് അർധ ഫാസിസ്റ്റ് ഭീകരവാഴ്‌ചയായിരുന്നു. 1993ൽ അധികാരത്തിൽ തിരിച്ചെത്തിയ ഇടതുമുന്നണി 24 വർഷം അഭിമാനകരമായ ഭരണം കാഴ്‌ചവച്ചു. തീവ്രവാദപ്രശ്നം പരിഹരിച്ചു. അധികാര വികേന്ദ്രീകരണപ്രക്രിയ ഫലപ്രദമാക്കി. സാക്ഷരതാനിരക്ക് 97 ശതമാനമാക്കി. ഹയർ സെക്കൻഡറിവരെ സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നൽകി.  തൊഴിലുറപ്പുപദ്ധതി   മികച്ച നിലയിൽ നടപ്പാക്കി. ശിശുമരണനിരക്ക് ഗണ്യമായി കുറച്ചു. 95 ശതമാനം കൃഷിഭൂമിയിലും ജലസേചനസൗകര്യം ഉറപ്പാക്കി. ഗതാഗതസംവിധാനം മെച്ചപ്പെടുത്തി. ക്രമസമാധാനം കാത്തുസൂക്ഷിച്ചു.

നിലവിലെ ബിജെപി–- ഐപിഎഫ്ടി ഭരണത്തിൽ ത്രിപുരയിൽ ക്രമസമാധാനം തകർന്നടിഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ള, കലാപം, സ്‌ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കും ദളിതർക്കുംനേരെയുള്ള അതിക്രമങ്ങൾ എന്നിവ പതിവായി. 2018 മാർച്ച് മൂന്നിനു നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം രാഷ്‌ട്രീയ എതിരാളികൾക്കുനേരെ ബിജെപിക്കാർ തുടങ്ങിയ ആക്രമണങ്ങൾ തുടരുന്നു. ആയിരക്കണക്കിനുപേർ ആക്രമണത്തിന്‌ ഇരകളായി. തൊഴിലുറപ്പുപദ്ധതി അഴിമതിമയമാക്കി. പൊതുവിതരണം തകർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാർക്ക്‌ അടക്കം ബിജെപി നൽകിയ വാഗ്‌ദാനങ്ങളിൽ ഒന്നും നടപ്പാക്കിയില്ല.

ബിജെപിയെ 
ഭരണത്തിലേറ്റിയത്‌ കോൺഗ്രസ്‌
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ  ഭരണം പിടിക്കാൻ ബിജെപിയെ സഹായിച്ചത്‌ കോൺഗ്രസുകാരുടെ കൂട്ട കൂറുമാറ്റവും ഐപിഎഫ്‌ടിയുമായുള്ള  അവസരവാദ സഖ്യവും. 2013ൽ  സംസ്ഥാനത്ത്‌ ബിജെപിക്ക്‌ ലഭിച്ചത്‌ 1.54 ശതമാനം വോട്ടാണ്‌. ഇടതുമുന്നണിക്ക്‌ 49.86 ശതമാനവും കോൺഗ്രസിന്‌ 36.53 ശതമാനവും ഐപിഎഫ്‌ടിയുടെ പൂർവരൂപം ഐഎൻപിടിക്ക്‌ 7.6 ശതമാനം വോട്ടും ലഭിച്ചു. അഞ്ച്‌ വർഷത്തിനുള്ളിൽ കോൺഗ്രസിന്റെ 10 എംഎൽഎമാരും ആദ്യം തൃണമൂലിലേക്കും പിന്നീട്‌ ബിജെപിയിലേക്കും പോയി. 2018ലെ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പിസിസി ഒന്നടങ്കം ബിജെപിയിൽ ചേർന്നു. മുൻ കോൺഗ്രസ്‌ നേതാക്കൾ ഒന്നടങ്കം ബിജെപി ടിക്കറ്റിൽ മത്സരിച്ചു. ഇടതുമുന്നണി 44 ശതമാനത്തിൽപ്പരം വോട്ട്‌ നിലനിർത്തി. കോൺഗ്രസിന്റെ വോട്ട്‌വിഹിതമാകട്ടെ 1.79 ശതമാനമായി ശോഷിച്ചു. ബിജെപിക്ക്‌ 43.59 ശതമാനം വോട്ട്‌ കിട്ടി. സഖ്യകക്ഷിയായ ഐപിഎഫ്‌ടിക്ക്‌ എട്ട്‌ ശതമാനവും വോട്ട്‌ കിട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top