25 April Thursday
ബിജെപി അക്രമങ്ങളിൽ കത്തിയെരിഞ്ഞ 
 വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച്‌ പ്രതിപക്ഷ എംപിമാരുടെ സംഘം

ചാരമായ വീടുകൾ, 
കണ്ണീരുണങ്ങാതെ ത്രിപുര ; ആശ്വസിപ്പിച്ച്‌ എംപിമാർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

ത്രിപുരയിൽ ബിജെപി അക്രമം നടന്ന മേഖല എ എ റഹിം എംപി 
അടക്കമുള്ളവർ സന്ദർശിക്കുന്നു


ന്യൂഡൽഹി
നിയമസഭാ ഫലം പുറത്തുവന്നതിനു പിന്നാലെ ബിജെപി അക്രമങ്ങളിൽ കത്തിയെരിഞ്ഞ വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച്‌ പ്രതിപക്ഷ എംപിമാരുടെ സംഘം. സിപിഐ എം രാജ്യസഭാ കക്ഷിനേതാവ്‌ എളമരം കരീം, ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, പി ആർ നടരാജൻ, എ എ റഹിം, സിപിഐ പ്രതിനിധി ബിനോയ്‌ വിശ്വം, കോൺഗ്രസ്‌ എംപിമാരായ രഞ്‌ജിത രഞ്‌ജൻ, അബ്‌ദുൾ ഖലീദ്‌ , ഗൗരവ്‌ ഗഗോയി എന്നിവർ മൂന്നു സംഘമായി തിരിഞ്ഞ്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരകളെ സന്ദർശിച്ച്‌ ആശ്വസിപ്പിച്ചു.

ബിജെപി ക്രിമിനൽ സംഘങ്ങൾ ചുട്ടെരിച്ച വീടുകൾക്കു മുന്നിൽനിന്ന്‌ നേതാക്കളോട്‌ സംസാരിക്കവെ പലരും വിങ്ങിപ്പൊട്ടി. ഇക്കാലമത്രയും സ്വരുക്കൂട്ടിയ വീടും മറ്റു സമ്പാദ്യങ്ങളും കൺമുന്നിൽ ചാരമാകുന്നത്‌ തകർന്ന മനസ്സോടെയാണ്‌ ഇരകൾ പങ്കുവച്ചത്‌. ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മമാർ അടക്കമുള്ളവർ എന്തുവന്നാലും ബിജെപി ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ലന്ന്‌ പ്രഖ്യാപിച്ചത്‌ എംപിമാരുടെ സംഘത്തിനും ആവേശമായി.

എളമരം കരീം, അബ്ദുൾ ഖലീഖ്‌ എന്നിവരുടെ നേതൃത്വത്തിൽ പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ ഇരകളെ സന്ദർശിച്ചു. ബദർഗഢ്‌, മൊഹൻപുർ, ബിലാസ്ഗഢ്‌ മണ്ഡലങ്ങളിലെ ചാരിപാര, ഗസാരിയ, കാമ്പർബസാർ തുടങ്ങിയ പ്രദേശങ്ങളാണ്‌ സന്ദർശിച്ചത്‌. ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, എ എ റഹിം, രഞ്‌ജിത രഞ്‌ജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൽക്കാലിയ, ഹരിനഖോല, നന്ദൻനഗർ, ഹൃഷിപാര, അബോയ്‌ നഗർ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ഇരകളെ കണ്ടത്‌. പി ആർ നടരാജൻ, ബിനോയ്‌ വിശ്വം, ഗൗരവ്‌ ഗഗോയ്‌ എന്നിവരുടെ സംഘം ബർജാല, ബമൂട്ടിയ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ദുർഗാബരി, ഗാന്ധിഗ്രാം, ഉഷബസാർ, കലികാപുർ, രാംനഗർ തുടങ്ങിയ പ്രദേശങ്ങളിലെത്തിയ സംഘം ഇരകൾക്ക്‌ ആത്മവിശ്വാസം പകർന്നു. മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ മണിക്‌ സർക്കാരും ഒപ്പമുണ്ടായിരുന്നു.   നേതാക്കളെ ആക്രമിച്ച്‌ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലാണ്‌ ബിജെപി പിന്തുടരുന്നതെന്ന്‌ ബിനോയ്‌ വിശ്വം പറഞ്ഞു.

കുറ്റവാളികളെ ഉടൻ 
പിടികൂടണം:  സിപിഐ എം
ബിശാൽഗഢിലെ നെഹാൽചന്ദ്രനഗറിൽ പ്രതിപക്ഷ എംപിമാരുടെ സംഘത്തിന്‌ നേർക്കുണ്ടായ ബിജെപിയുടെ നീചമായ ആക്രമണത്തെ അപലപിച്ച സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയറ്റ്‌ കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന്‌ ആവശ്യപ്പെട്ടു. എംപിമാർ  കാറിൽ നിന്നിറങ്ങി കത്തിനശിച്ച കടകൾക്ക് മുന്നിൽ ഇരകളുമായി സംസാരിക്കവേയായിരുന്നു ബിജെപിക്കാര്‍ ആസൂത്രിത അക്രമം അഴിച്ചുവിട്ടത്‌.  സംസ്ഥാനത്തെത്തുന്ന എംപിമാർ പോലും  ബിജെപി ഭരണത്തിൽ  സുരക്ഷിതരല്ല. അക്രമത്തിന്‌ പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ്‌ സർക്കാരിനോട്‌  ആവശ്യപ്പെട്ടു.

ഭയപ്പെടുത്തി 
പിന്തിരിപ്പിക്കാനാകില്ല: എളമരം കരീം
അക്രമം നടത്തി പ്രതിപക്ഷ എംപിമാരുടെ സംഘത്തെ പിന്തിരിപ്പിക്കാമെന്നത്‌ ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും അത്‌ നടക്കാൻ പോകുന്നില്ലന്നും സിപിഐ എം രാജ്യസഭാ കക്ഷി നേതാവ്‌ എളമരം കരീം. ക്രമസമാധാനം പാടേ തകർന്ന ത്രിപുരയിൽ ബിജെപിയുടെ ഗുണ്ടാരാജാണ് നടക്കുന്നത്‌. ത്രിപുര ഗവർണർ കൂടിക്കാഴ്‌ചയ്‌ക്ക്‌ സമയമനുവദിക്കുന്നില്ല. ശനിയാഴ്‌ച സമയം നൽകിയില്ലെങ്കിൽ ഗവർണറുടെ ഓഫീസിനു മുന്നിൽ സമരം ചെയ്യേണ്ടിവരും. ത്രിപുരയിലെ അക്രമങ്ങൾ പാർലമെന്റിൽ ശക്തമായി അവതരിപ്പിക്കും–- എളമരം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top