20 April Saturday

ത്രിപുര തെരഞ്ഞെടുപ്പ്: 17 സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ കോൺഗ്രസ്‌

സ്വന്തം ലേഖകൻUpdated: Sunday Jan 29, 2023

ന്യൂഡൽഹി> ത്രിപുരയിൽ കോൺഗ്രസ്‌ 17 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തീരുമാനത്തിൽ കോൺഗ്രസ്‌ ഉറച്ചുനിന്നാൽ നാലിടത്ത്‌ വിശാല മതനിരപേക്ഷ സഖ്യവുമായി സൗഹൃദമത്സരത്തിൽ കളമൊരുങ്ങും. സിപിഐ എം മത്സരിക്കുന്ന രണ്ടു സീറ്റിലും ഫോർവേഡ്‌ബ്ലോക്കും ആർഎസ്‌പിയും മത്സരിക്കുന്ന ഓരോ സീറ്റിലും കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബർജാല, മജ്‌ലിഷ്‌പുർ, ബദർഘട്ട്‌, രാധേകിഷോർപുർ എന്നീ മണ്ഡലങ്ങളിലാണ്‌ വിശാല സഖ്യ സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ്‌ മത്സരിക്കുന്നത്‌. മജ്‌ലിഷ്‌പുർ സിപിഐ എമ്മിന്റെ സിറ്റിങ്‌ സീറ്റാണ്‌.

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ സുദീപ്‌റോയ്‌ ബർമൻ അഗർത്തലയിൽ വീണ്ടും ജനവിധി തേടും. ടൗൺ ബോർഡോവലിയിൽ മുഖ്യമന്ത്രി മണിക്‌ സാഹയ്‌ക്കെതിരായി ആശിഷ്‌കുമാർ സാഹ കോൺഗ്രസ്‌ സ്ഥാനാർഥിയാകും. ബദർഘട്ടിൽ കോൺഗ്രസ്‌ കൂടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കുടുംബാംഗങ്ങളുടെ ഏറ്റുമുട്ടലിന്‌ വഴിയൊരുക്കി. മുൻ മന്ത്രി ദിലിപ്‌ സർക്കാരിന്റെ മകൾ മിന സർക്കാരാണ്‌ ഇവിടെ ബിജെപി സ്ഥാനാർഥി. മിനയുടെ ജ്യേഷ്‌ഠൻ രാജ്‌കുമാർ സർക്കാരാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥി.  ഇവരുടെ അനന്തരവൻ പാർഥാ പ്രതിം സർക്കാരാണ്‌ ഇവിടെ ഫോർവേഡ്‌ബ്ലോക്ക്‌ സ്ഥാനാർഥി.

ബിജെപി 48 സീറ്റിൽ

ത്രിപുരയിൽ 48 സീറ്റിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അഗർത്തല, സൂര്യമണിനഗർ മണ്ഡലങ്ങളിലും 10 എസ്‌ടി സംവരണ മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ത്രിപുരയിലെ ഗോത്രവിഭാഗ പാർടികളായ തിപ്ര മോതയോ ഐപിഎഫ്‌ടിയോ അവസാന നിമിഷം സഖ്യത്തിന്‌ തയ്യാറായേക്കുമെന്ന പ്രതീക്ഷയിലാണ്‌ 10 എസ്‌ടി മണ്ഡലം ഒഴിച്ചിട്ടത്‌.

മുഖ്യമന്ത്രി മണിക്‌ സാഹ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ടൗൺബോർഡോവലിയിൽത്തന്നെ ജനവിധി തേടും. മുൻ മുഖ്യമന്ത്രി ബിപ്ലവ്‌ ദേബ്‌ ആദ്യ സ്ഥാനാർഥിപട്ടികയിലില്ല. കേന്ദ്ര സാമൂഹ്യ ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൗമിക്‌ ധൻപുർ മണ്ഡലത്തിൽ മത്സരിക്കും. മന്ത്രിമാരിൽ രാംപ്രസാദ്‌ പോൾ ഒഴികെ എല്ലാവരും പട്ടികയിൽ ഉൾപ്പെട്ടു. ആറ്‌ സിറ്റിങ്‌ എംഎൽഎമാരെ ഒഴിവാക്കി. സീറ്റ്‌ കിട്ടാത്തതിനാൽ സിപിഐ എം വിട്ട മൊബഷർ അലി സിറ്റിങ്‌ സീറ്റായ കൈലഷഹറിൽ സ്ഥാനാർഥിയാകും. തൃണമൂൽ വിട്ടെത്തിയ സുബൽ ഭൗമിക്കിന്‌ സീറ്റില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top