16 April Tuesday

ബിജെപിക്കെതിരെ വോട്ട്‌ 
ചെയ്യണമെന്ന്‌ തിപ്രമോത

സ്വന്തം ലേഖകൻUpdated: Sunday Feb 5, 2023

ന്യൂഡൽഹി  
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്ന സന്ദേശം നൽകി പ്രാദേശിക കക്ഷിയായ തിപ്രമോത തലവൻ പ്രദ്യോദ്‌ കിഷോർ ദേബ്‌ബർമൻ. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്‌ടിക്കും തിപ്രമോതയ്‌ക്കുമിടയിൽ വോട്ട്‌ ഭിന്നിക്കരുതെന്ന്‌ വോട്ടർമാരോട്‌ അഭ്യർഥിച്ച അദ്ദേഹം, ത്രിപുരയിലും രാജ്യത്തും മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ പരാജയപ്പെടുത്തണമെന്നും ആഹ്വാനംചെയ്‌തു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ സർമ, തിപ്രമോതയ്‌ക്ക്‌ ചെയ്യുന്ന വോട്ട്‌ പാഴാകുമെന്ന്‌ പറഞ്ഞതിൽ തിരിച്ചടിയായാണ്‌ ദേബ്‌ബർമന്റെ പ്രതികരണം.

വോട്ട്‌ പാഴല്ല, അവകാശമാണെന്നും ദേബ്‌ബർമൻ പ്രതികരിച്ചു. ആരുടെ പിന്തുണയുള്ള പാർടിയാണ്‌ അധികാരത്തിലെത്തുന്നത്‌ കാത്തിരുന്ന്‌ കാണാമെന്ന്‌ ബിശ്വസർമയെ അദ്ദേഹം വെല്ലുവിളിച്ചു. ബിജെപി സഖ്യകക്ഷി ഐപിഎഫ്‌ടിയെ തുടച്ചുനീക്കുമെന്ന്‌ ഒരു മാധ്യമ അഭിമുഖത്തിൽ  ദേബ്‌ബർമൻ പറഞ്ഞിരുന്നു. ഡൽഹിയിൽ പോയശേഷം വീട്ടുവീഴ്‌ച ചെയ്യാത്ത ഏക പാർടിയാണ്‌ തങ്ങളുടേത്‌. കിങ്‌ മേക്കറാകലല്ല ലക്ഷ്യം. മുൻമുഖ്യമന്ത്രി മണിക്‌ സർക്കാരിനോട്‌ വലിയ ആദരവാണുള്ളത്‌.

സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദർ ചൗധരിയെ നിരവധിതവണ കണ്ടുസംസാരിച്ചു. ഗോത്രവർഗങ്ങളുടെ ഉന്നമനത്തിന്‌ പ്രവർത്തിക്കുമെന്ന്‌ ധാരണയിലെത്തിയെന്നും ദേബ്‌ബർമൻ വെളിപ്പെടുത്തി. ആർക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമാണെങ്കിൽ പ്രശ്‌നാധിഷ്‌ഠിത പിന്തുണയാകും ഉണ്ടാകുകയെന്നും ആവശ്യങ്ങൾക്ക്‌ ഭരണഘടനാപരമായ പരിഹാരം ഉണ്ടാകുംവരെ മന്ത്രിസഭയുടെ ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 

ചലനം സൃഷ്‌ടിച്ച്‌  ഇടതുമുന്നണി പ്രകടന പത്രിക


ന്യൂഡൽഹി
ത്രിപുരയിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഇടതുമുന്നണി പ്രകടനപത്രികയ്‌ക്ക്‌ ലഭിക്കുന്നത്‌ വൻ സ്വീകാര്യത.
2.5ലക്ഷം തൊഴിൽ സൃഷ്‌ടിക്കുമെന്നും ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്‌തികയിലും നിയമനം നടത്തുമെന്നും കരാർനിയമനങ്ങൾ സ്ഥിരപ്പെടുത്തുമെന്നുമുള്ള വാഗ്‌ദാനങ്ങൾ യുവജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. അന്യായമായി പുറത്താക്കിയ 10,323 അധ്യാപകരെ തിരിച്ചെടുക്കുമെന്ന പ്രഖ്യാപനത്തെ അധ്യാപകസമൂഹവും സ്വീകരിച്ചു. നിരവധി അധ്യാപകർ ആത്മഹത്യചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top