ലഖ്‌നൗ > ഭൂമിതർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ കൗശാംബിയിൽ ദളിത് കുടുംബത്തിലെ മൂന്നുപേരെ വെടിവച്ചുകൊന്നു. കുടിലിനു പുറത്ത് ഉറങ്ങുകയായിരുന്ന കർഷകനായ ഹോരി ലാൽ (62), മകൾ ബ്രിജ്‌കാലി (22), മരുമകൻ ശിവ് സാഗർ (26) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രകോപിതരായ ഇരകളുടെ ബന്ധുക്കൾ ഒളിവിൽ പോയ പ്രതികളുടെ വീടുകൾ തീയിട്ട് നശിപ്പിച്ചു. സന്ദീപൻ ഘട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മൊഹിദീൻപുർ ഗ്രാമത്തിലാണ് സംഭവം.
പ്രതികൾ ഹോരി ലാലിന്റെ അയൽവാസികളാണെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രതികളായ നാലുപേർ ഒളിവിൽ പോയെന്നും കൗശാംബി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്‌തവ പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹോരി ലാലും അയൽവാസിയും തമ്മിൽ ഭൂമിയെച്ചൊല്ലി തർക്കമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹോരി ലാൽ തർക്കഭൂമിയിലാണ് കുടിൽ പണിതിരുന്നതെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എസ്‌പി പറഞ്ഞു.
ഉത്തർപ്രദേശിൽ കുറഞ്ഞ വേതനംമൂലം ജോലി ഉപേക്ഷിച്ച ദളിത് യുവാവിനെ കഴിഞ്ഞ ദിവസം ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. യുവാവിന്റെ നഖം പിഴുതെടുത്ത് നായകളെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നു. അടുത്തിടെ യുപിയിൽ ദളിത് വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾ വൻതോതിൽ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..