28 March Thursday

തെന്മല ഉറുകുന്നിൽ പിക്കപ്‌‌ വാൻ ഇടിച്ച്‌ 3 പെൺകുട്ടികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


കൊല്ലം
തെന്മല ഉറുകുന്നിൽ നിയന്ത്രണംവിട്ട പിക്കപ്‌ വാൻ ഇടിച്ച്‌ സഹോദരിമാരടക്കം മൂന്നു പെൺകുട്ടികൾ മരിച്ചു. ഉറുകുന്ന് സ്വദേശികളായ അലക്‌സിന്റെയും- സിന്ധുവിന്റെയും മക്കൾ ശ്രുതിമോൾ(13), ശാലിനിമോൾ(18), ഇവരുടെ അയൽവാസി കുഞ്ഞുമോന്റെ മകൾ കെസിയമോൾ (17)എന്നിവരാണ് മരിച്ചത്.കൊല്ലം–--തിരുമംഗലം ദേശീയപാതയിൽ ഉറുകുന്ന് റൂറൽ ബാങ്ക് ജങ്‌ഷനിൽ ബുധനാഴ്‌ച വൈകിട്ട്‌ നാലിനാണ്‌ അപകടം.

പാൽ വാങ്ങി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് പിക്കപ്‌ വാൻ പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികളിൽ ഒരാൾ റോഡുവക്കിലെ കുഴിയിലേക്കും മറ്റു രണ്ടുപേർ റോഡരികിലേക്കും തെറിച്ചുവീണു. കെസിയമോളും ശ്രുതിമോളും പുനലൂർ താലൂക്ക് ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ശാലിനിമോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുമാണ്‌ മരിച്ചത്.

അപകടത്തിന് ഇടയാക്കിയ പിക്ക്‌അപ്‌ വാൻ മൂവാറ്റുപുഴയിൽനിന്ന്‌ അലമാര നിർമാണത്തിനുള്ള തകിടുമായി തെങ്കാശിയിലെ പാവൂർ സത്രത്തിലേക്ക്‌ പോകുകയായിരുന്നു. ഡ്രൈവർ കന്യാകുമാരി ചുങ്കൻകടയിൽ സ്വദേശി വെങ്കിടേശിനെ(40) തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു.  

ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്‌ച പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുംശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

ശാലിനി ഇടമൺ വിഎച്ച്‌എസ്‌എസിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്‌. ശ്രുതി ഒറ്റക്കൽ എച്ച്‌എസ്‌എസിൽ അഞ്ചാം ക്ലാസ്‌ വിദ്യാർഥിനിയും. ഇവരുടെ പിതാവ്‌ അലക്‌സ്‌ തെന്മല ഗ്രാമപഞ്ചായത്ത് നേതാജി വാർഡിലെ എൻഡിഎ സ്ഥാനാർഥിയാണ്‌. കെസിയ പ്ലസ്‌ടു വിദ്യാർഥിനിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top