25 April Thursday

മുല്ലപ്പെരിയാര്‍: എല്ലാ തര്‍ക്കവിഷയങ്ങളിലും അന്തിമ തീര്‍പ്പുണ്ടാക്കും- സുപ്രീംകോടതി

എം അഖിൽUpdated: Monday Nov 22, 2021


ന്യൂഡൽഹി
മുല്ലപ്പെരിയാർ തർക്കവിഷയങ്ങളില്‍ ഉടൻ വാദം കേട്ട്‌ അന്തിമതീർപ്പുണ്ടാക്കുമെന്ന്‌ സുപ്രീംകോടതി. തമിഴ്‌നാടിന്റെ റൂൾകർവിൽ കേരളം ഉന്നയിച്ച ആശങ്ക പരിശോധിക്കുമെന്നും ജസ്റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. കേസ്‌ പരിഗണിക്കുന്നത്‌ ഡിസംബർ 10ലേക്ക്‌ മാറ്റി. തമിഴ്‌നാട്‌ തയ്യാറാക്കി കേന്ദ്ര ജലകമീഷൻ അംഗീകരിച്ച റൂൾകർവ്‌ പ്രകാരം നവംബർ 30 മുതൽ ജലനിരപ്പ്‌ 142 അടിവരെയാകാം. എന്നാൽ, അടിയന്തര സാഹചര്യത്തിൽ മേൽനോട്ടസമിതി ഉചിത നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. തിങ്കളാഴ്‌ച കേസ്‌ പരിഗണിക്കവെയാണ് റൂൾകർവ്‌ ഉൾപ്പെടെയുള്ളവയില്‍ കേരളത്തിന്റെ ആശങ്ക പരിഗണിക്കണമെന്ന്‌ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ്‌ഗുപ്‌ത ആവശ്യപ്പെട്ടത്. അണക്കെട്ടിലെ സാഹചര്യം സുപ്രീംകോടതി നിയോഗിച്ച മേൽനോട്ടസമിതി സൂക്ഷ്‌മമായി വിലയിരുത്തുന്നുണ്ട്‌. അതിനാല്‍ അടിയന്തര ഉത്തരവിനുവേണ്ടി വാദിക്കുന്നില്ലെന്നും ജയ്‌ദീപ്‌ഗുപ്‌ത പറഞ്ഞു.

എത്രയുംവേഗം ഹർജി തീർപ്പാക്കണമെന്ന്‌ തമിഴ്‌നാടിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡെയും നിലപാട്‌ അറിയിച്ചു.  തമിഴ്‌നാടിന്‌ ജലവും കേരളത്തിന്‌ സുരക്ഷയും ഉറപ്പാക്കുന്ന രീതിയില്‍ ഇടപെടൽ ഉണ്ടാകണമെന്ന്‌ സുരക്ഷാ ചാരിറ്റബിൾ ട്രസ്റ്റിനായി ഹാജരായ അഡ്വ. വിൽസ്‌ മാത്യു വാദിച്ചു. അണക്കെട്ടില്‍ നിന്നും ചോരുന്ന ജലത്തിന്റെ കണക്ക് ഉൾപ്പെടെ കൈമാറാൻ തമിഴ്‌നാടിനോട്‌ നിർദേശിക്കണമെന്ന്‌ പെരിയാർ പ്രൊട്ടക്‌ഷൻ മൂവ്‌മെന്റിനുവേണ്ടി അഡ്വ. വി കെ ബിജു ആവശ്യപ്പെട്ടു. കനത്തമഴ പെയ്യുമ്പോൾ തമിഴ്‌നാടിന്റെ റൂൾകർവ്‌ പ്രകാരം ജലനിരപ്പ്‌ നിശ്ചയിക്കുന്നത്‌ ആശങ്കാജനകമെന്ന്‌  സത്യവാങ്‌മൂലത്തിൽ കേരളം ചൂണ്ടിക്കാണിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top