18 April Thursday

തെലങ്കാനയിൽ ബജറ്റ്‌ അവതരണത്തിന്‌ ഗവർണർ അനുമതിനൽകും; ഹർജി പിൻവലിച്ച്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

തമിഴിസൈ സൗന്ദരരാജൻ, മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു


ഹൈദരാബാദ്‌
തെലങ്കാനയിൽ ബജറ്റ്‌ അവതരണവുമായി ബന്ധപ്പെട്ട്‌ സർക്കാരുമായി യുദ്ധം പ്രഖ്യാപിച്ച ഗവർണർ പിൻവാങ്ങി. ബജറ്റ്‌ അവതരിപ്പിക്കാൻ തടസ്സം ഉണ്ടാകില്ലെന്ന്‌ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഹൈക്കോടതിയെ അറിയിച്ചു.  ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് ബജറ്റ് അവതരണം നടക്കുമെന്ന് ഗവർണർ ഉറപ്പ്‌ നൽകി. ഇതേത്തുടർന്ന് ഗവർണർക്കെതിരെ നൽകിയ ഹർജി സംസ്ഥാന സർക്കാർ പിൻവലിച്ചു. ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന് ഗവർണറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കൾ രാവിലെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് സംസ്ഥാന സർക്കാരിനായി ഹാജരായത്. നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സർക്കാരിന്റെ മറുപടി ലഭിക്കാത്തതിനാലാണ് ബജറ്റിന് അനുമതി നൽകുന്നത് നീണ്ടുപോയതെന്നും രാജ്‌ഭവൻ അഭിഭാഷകൻ അശോക് ആനന്ദ് കോടതിൽ വാദിച്ചു. എന്നാൽ നയപ്രഖ്യാപന പ്രസംഗവും ബജറ്റും രണ്ടാണെന്ന് ദുഷ്യന്ത് ദവെ വിശദീകരിച്ചു. ഗവർണർക്ക്‌ നയപ്രഖ്യാപനത്തിന്‌ അവസരം നൽകുമെന്നും സർക്കാർ അറിയിച്ചു.

കഴിഞ്ഞ 21ന്‌ തന്നെ ബജറ്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഫയലുകൾ സർക്കാർ ഗവർണറുടെ ഓഫീസിലേക്ക് അയച്ചിരുന്നു. എന്നാൽ അനുമതി നൽകാൻ ഗവർണർ തയ്യാറാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. ഗവർണറുടെ പ്രസംഗവും ഉൾക്കൊള്ളിച്ചതോടെ  ഫെബ്രുവരി  മൂന്നിന്‌ തീരുമാനിച്ച ബജറ്റ്‌ അവതരണം ആറിലേക്ക്‌ മാറ്റിയതായി റിപ്പോർട്ടുണ്ട്‌. തെലങ്കാനയിൽ സർക്കാരുമായുള്ള ഗവർണറുടെ തർക്കം മാസങ്ങളായി തുടരുകയാണ്‌. കഴിഞ്ഞ റിപ്പബ്ലിക്‌ ദിന പരിപാടിയിൽ പതിവിനുവിപരീതമായി ഗവർണറും മുഖ്യമന്ത്രിയും വ്യത്യസ്‌ത സ്ഥലങ്ങളിലാണ്‌ പങ്കെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top