20 April Saturday

തെലങ്കാനയിലെ ഓപ്പറേഷൻ താമര ; തെളിവുകൾ കോടതിക്ക്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022



ന്യൂഡൽഹി
തെലങ്കാനയിൽ കോടികൾ വാഗ്‌ദാനംചെയ്‌തു ടിആർഎസ്‌ എംഎൽഎമാരെ ബിജെപിയിൽ എത്തിക്കാനുള്ള ‘ഓപ്പറേഷൻ ലോട്ടസ്‌’ കേസിന്‌ പിൻബലമേകുന്ന നിർണായക രേഖകൾ പ്രത്യേകാന്വേഷക സംഘം (എസ്‌ഐടി) ഹൈക്കോടതിയിൽ സമർപ്പിച്ചു. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്‌, കേരളത്തിലെ എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി എന്നിവർ ഓപ്പറേഷൻ ലോട്ടസിൽ പങ്കാളികളായതിന്റെ ഡിജിറ്റൽ തെളിവുകളാണ്‌ എസ്‌ഐടി സമർപ്പിച്ചത്‌. അന്വേഷണവുമായി സഹകരിക്കണമെന്ന്‌ ബി എൽ സന്തോഷ്‌ അടക്കമുള്ളവരോട്‌ ഹൈക്കോടതി ആവശ്യപ്പെട്ടു.

രോഹിത്‌ റെഡ്ഡിയടക്കം നാല്‌ ടിആർഎസ്‌ എംഎൽഎമാരെ ബിജെപിയിൽ എത്തിക്കുന്നതിന്‌ 250 കോടി രൂപയാണ്‌ വാഗ്‌ദാനം ചെയ്‌തത്‌. ഈ പണവുമായി ഇടനിലക്കാരായ മൂന്നുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഏജന്റുമാരുമായി ബി എൽ സന്തോഷ്‌, തുഷാർ, ജഗ്ഗു സ്വാമി എന്നിവർ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകളാണ്‌ കോടതി മുമ്പാകെ നൽകിയത്‌. 

വാട്‌സാപ്‌ കോളുകൾ, ചാറ്റുകൾ, ഗ്രൂപ്പ്‌ കോളുകൾ, വീഡിയോ കോളുകൾ, യാത്രാരേഖകൾ, ഫോൺ ലൊക്കേഷൻ തുടങ്ങിയവയാണ്‌ കൈമാറിയത്‌. അറസ്റ്റിലായ ഏജന്റ്‌ രാമചന്ദ്ര ഭാരതിയും ബി എൽ സന്തോഷുമായുള്ള വാട്‌സാപ്‌ ചാറ്റുകളും കോടതിക്ക്‌ കൈമാറി. പണവുമായി പിടിയിലായ രണ്ടാം പ്രതി നന്ദുകുമാർ, മൂന്നാം പ്രതി സിംഹയാജി എന്നിവർക്കൊപ്പമുള്ള ബി എൽ സന്തോഷിന്റെയും തുഷാറിന്റെയും ചിത്രങ്ങളും എസ്‌ഐടി ലഭ്യമാക്കി. കേസ്‌ സിബിഐക്ക്‌ വിടണമെന്ന തുഷാർ അടക്കമുള്ളവരുടെ ആവശ്യം തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു. തുഷാറിനും ജഗ്ഗു സ്വാമിക്കുമായി എസ്‌ഐടി സംഘം കേരളത്തിലെത്തി വ്യാപകമായ തെരച്ചിലും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top