29 March Friday

മഞ്ഞുരുക്കിയ ഇഫ്‌താർ വിരുന്ന്‌

എം പ്രശാന്ത്‌Updated: Tuesday Aug 9, 2022

പട്‌നയിൽ തേജസ്വി യാദവ്‌ ഒരുക്കിയ ഇഫ്‌താർ വിരുന്നിൽ നിതീഷ്‌ കുമാർ എത്തിയപ്പോൾ


ന്യൂഡൽഹി
നിതീഷ്‌ കുമാറും ലാലു കുടുംബവുമായുള്ള മഞ്ഞുരുകലിന്‌ വേദിയായത്‌ മെയ്‌ മാസത്തിലെ രണ്ട്‌ ഇഫ്‌താർ വിരുന്നുകൾ. ലാലു കുടുംബാംഗങ്ങൾ നിലവിൽ താമസിക്കുന്ന പട്‌നയിലെ 10 സർക്കുലർ റോഡ്‌ ബംഗ്ലാവിൽ പ്രതിപക്ഷ നേതാവ്‌ തേജസ്വി യാദവ്‌ ഒരുക്കിയ ഇഫ്‌താർ വിരുന്നിലേക്ക്‌ മുഖ്യമന്ത്രിയായ നിതീഷ്‌ കുമാർ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്‌ നടന്നെത്തി. ദിവസങ്ങൾക്കകം മുഖ്യമന്ത്രി ഒരുക്കിയ ഇഫ്‌താറിലേക്ക്‌ തേജസ്വിയുമെത്തി. ഭക്ഷണത്തിനുശേഷം മടങ്ങിയ തേജസ്വിയെ ഗേറ്റുവരെ നിതീഷ്‌ അനുഗമിച്ചു. ജെഡിയു മഹാസഖ്യം ഉപേക്ഷിച്ചുപോയ 2017 മുതൽ കടുത്ത ശത്രുതയിലായിരുന്ന തേജസ്വിയുടെയും നിതീഷിന്റെയും ‘ഇഫ്‌താർ സൗഹൃദമാണ്‌’ ബിഹാർ രാഷ്ട്രീയത്തിലെ നാടകീയമാറ്റങ്ങൾക്ക്‌ തുടക്കമിട്ടത്‌. അഗ്നിപഥ്‌, വിലക്കയറ്റം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കേന്ദ്രത്തിനെതിരായി ആർജെഡി പട്‌നയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്‌ സുരക്ഷയടക്കം എല്ലാ സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കി.

ലാലുപ്രസാദ്‌ യാദവുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ്‌ നിതീഷിനുള്ളത്‌. എഴുപതുകളിൽ ബിഹാറിൽ വീശിയടിച്ച ജെപി  പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു വിദ്യാർഥി നേതാക്കളായ ലാലുവും നിതീഷും. ലാലുവിനെ ബഡേ ഭായ്‌ എന്നാണ്‌ നിതീഷ്‌ വിളിക്കുന്നത്‌. 1990ൽ ലാലുവിനെ ബിഹാർ മുഖ്യമന്ത്രിയാക്കുന്നതിൽ നിതീഷ്‌ നിർണായക പങ്ക്‌ വഹിച്ചു. എന്നാൽ, ബിഹാറിലെ ജനതാദൾ ഘടകത്തിൽ ലാലു കുടുംബാംഗങ്ങൾ പിടിമുറുക്കുന്നതിൽ പ്രതിഷേധിച്ച്‌ ജോർജ്‌ ഫെർണാണ്ടസുമൊത്ത്‌ 1994ൽ സമതാ പാർടി രൂപീകരിച്ചു. ഇതോടെ ഇരുവരും ശത്രുചേരിയിലായി. 1998ൽ സമതാ പാർടി വാജ്‌പേയി നയിക്കുന്ന എൻഡിഎയിലെത്തി. 2003ൽ സമതാ പാർടി ശരത്‌ യാദവിന്റെ ജെഡിയുവിൽ ലയിച്ചു. 2005ൽ നിതീഷ്‌ ബിജെപി പിന്തുണയിൽ മുഖ്യമന്ത്രിയായി. 2013ൽ ബിജെപി സഖ്യം ഉപേക്ഷിച്ച്‌ ആർജെഡിയുമായി കൈകോർത്തു.

2015ൽ വലിയ ഭൂരിപക്ഷത്തിൽ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും 2017ൽ ലാലു കുടുംബാംഗങ്ങളുടെ ‘അഴിമതി’ ചൂണ്ടിക്കാട്ടി സഖ്യം വിട്ടു.
ജെഡിയുവിനെ പിളർത്താൻ ബിജെപി കരുനീക്കം തുടങ്ങിയതോടെയാണ്‌ വീണ്ടും ലാലു കുടുംബവുമായി നിതീഷ്‌ അടുത്തുതുടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top