19 March Tuesday

നിയമവിരുദ്ധമായി അറസ്‌റ്റുചെയ്‌ത്‌ കസ്റ്റഡിയിൽ മർദിച്ചു : ടീസ്ത സെതൽവാദ്

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


അഹമ്മദാബാദ്
തീവ്രവാദവിരുദ്ധ സേന (എടിഎസ്) നിയമവിരുദ്ധമായി അറസ്‌റ്റുചെയ്‌ത്‌ കസ്‌റ്റഡിയിൽവച്ച്‌ മർദ്ദിച്ചെന്ന്‌ സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ് കോടതിയിൽ മൊഴി നൽകി. ജീവന് ഭീഷണിയുണ്ടെന്നും അവർ അറിയിച്ചു.

വാറന്റുപോലുമില്ലാതെയെത്തിയ എടിഎസ് വീട്ടിലേക്ക് അതിക്രമിച്ചുകയറി തന്നെ തള്ളിയിട്ടു. ഫോൺ തട്ടിയെടുത്തു. തന്റെ കൈയ്ക്ക് മുറിവേറ്റിട്ടുണ്ടെന്നും അഹമ്മദാബാദ്‌ മെട്രോ പൊളിറ്റൻ മജിസ്‌ട്രേട്ട്‌ കോടതിയിൽ ടീസ്ത അറിയിച്ചു. അഭിഭാഷകനോട്‌ സംസാരിക്കാൻപോലും അനുവദിച്ചില്ല. പകൽ മൂന്നുമുതൽ ഞായർ രാവിലെവരെ അനധികൃത തടവിൽവച്ചു. മുംബൈയിൽനിന്ന്‌ ഗുജറാത്തിലേക്ക്‌ കാറിലാണ്‌ കൊണ്ടുവന്നത്‌.  ഭയപ്പെടുത്തുന്നതിനായിരുന്നു ഈ നീക്കം.അധികാര ദുർവിനിയോഗമാണുണ്ടായത്‌. ഇതൊരു രാഷ്ട്രീയ കേസാണ്. നിയമപരമായ എല്ലാ അന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണെന്നും ടീസ്ത വ്യക്തമാക്കി.

ഗുജറാത്ത്‌ വംശഹത്യയില്‍ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് ശനിയാഴ്ച ടീസ്‌തയെ എടിഎസ് കസ്റ്റഡിയിലെടുത്തത്. ഞായർ പുലർച്ചെ എടിഎസ്‌ ടീസ്‌തയെ ക്രൈംബ്രാഞ്ചിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച അറസ്റ്റ്‌ ചെയ്ത മലയാളിയായ മുൻ ഗുജറാത്ത് ഡിജിപി ആർ ബി ശ്രീകുമാർ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. സുപ്രീംകോടതി വിധിയിലെ ചില പരാമർശങ്ങളുടെ പേരിലാണ് മറ്റൊരു കേസിൽ തടവിൽകഴിയുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട്, ആർ ബി  ശ്രീകുമാർ, ടീസ്ത എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തത്. സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിസിപി ചൈതന്യ മാൻഡ്‌ലിക് പറഞ്ഞു.

ജൂലൈ ഒന്നുവരെ 
കസ്‌റ്റഡിയിൽ വിട്ടു
അഹമ്മദാബാദിലെ മെട്രോപോളിറ്റൻ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ ടീസ്ത സെതൽവാദ്, ആർ ബി ശ്രീകുമാർ എന്നിവരെ അഞ്ചുദിവസത്തേക്ക്‌ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടു. ഞായറാഴ്ച പകൽ രണ്ടോടെ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്യണമെന്ന്‌ അഹമ്മദാബാദ്‌ ക്രൈം ബ്രാഞ്ച്‌ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്‌ കോടതി ജൂലൈ ഒന്നുവരെ ഇരുവരെയും കസ്‌റ്റഡിയിൽ വിട്ടത്‌. രണ്ടിന്‌ വീണ്ടും കേസ്‌ പരിഗണിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top