09 August Tuesday

തണലായവരെ ഇരുമ്പഴിയിലാക്കി ; സുപ്രീംകോടതി ഉത്തരവ്‌ ആയുധമാക്കി സംഘപരിവാറിന്റെ പ്രതികാരരാഷ്ട്രീയം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


ന്യൂഡൽഹി
ഗുജറാത്ത്‌ വംശഹത്യയുടെ ഇരകൾക്കുവേണ്ടി നിലകൊണ്ട ടീസ്‌ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ്‌ ചെയ്‌ത നടപടി സംഘപരിവാറിന്റെ പ്രതികാരരാഷ്ട്രീയം. അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിലാണ്‌ നീതിക്കുവേണ്ടി നിലകൊണ്ടവരെ ഇരുമ്പഴിയിലാക്കിയത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക്‌ സുപ്രീംകോടതി ക്ലീൻചിറ്റ്‌ നൽകിയതിനുപിന്നാലെ ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ അഭിമുഖത്തിൽ ടീസ്‌തയും അവരുടെ എൻജിഒയും ബിജെപി നേതാക്കൾക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ടീസ്‌തയുടെ മുംബൈയിലെ വസതിയിൽ ഗുജറാത്ത്‌ പൊലീസെത്തി.

ഗുജറാത്ത്‌ വംശഹത്യാവേളയിൽ ഗുൽബർഗ്‌ സൊസൈറ്റിയിൽ അക്രമികൾ ചുട്ടുകൊന്ന എഹ്‌സാൻ ജാഫ്രി എംപിയുടെ ഭാര്യ സാകിയ ജാഫ്രിയാണ്‌ നീതി തേടി സുപ്രീംകോടതിയെ സമീപിച്ചത്‌. 16 വർഷം നീണ്ട നീതി തേടിയുള്ള യാത്രയിൽ മകളെപ്പോലെ കൂടെനിന്നതും സഹായിച്ചതും ടീസ്‌തയാണ്‌. ഗുൽബർഗ്‌ സൊസൈറ്റി, നരോദാപാട്യ, സർദാർപുര, ബെസ്റ്റ്‌ബേക്കറി തുടങ്ങിയ സ്ഥലങ്ങളിൽ അരങ്ങേറിയ നിഷ്‌ഠുര നരഹത്യകളിലെ ഇരകൾക്കായി വർഷങ്ങൾ നീണ്ട പോരാട്ടം നടത്തി.

ഈ പോരാട്ടങ്ങളിലൂടെ 172 കുറ്റവാളികൾക്ക്‌ ശിക്ഷ ഉറപ്പക്കി.ഗുജറാത്ത്‌ വംശഹത്യയിൽ ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹരേൺ പാണ്ഡ്യ, പൊലീസ്‌ ഉദ്യോഗസ്ഥരായ സഞ്‌ജീവ്‌ ഭട്ട്‌, ആർ ബി ശ്രീകുമാർ എന്നിവരുടെ വെളിപ്പെടുത്തലുകൾ സുപ്രീംകോടതി ചവറ്റുകുട്ടയിലിട്ടു.

‘‘അസംതൃപ്‌തരായ ഉദ്യോഗസ്ഥരും മറ്റുള്ളവരും ഗൂഢലക്ഷ്യത്തോടെ നിയമപ്രക്രിയ ദുരുപയോഗപ്പെടുത്തി. അവരെ വിചാരണ ചെയ്യണം. നിയമാനുസൃത നടപടികൾ സ്വീകരിക്കണം’’–- എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ആയുധമാക്കിയാണ്‌ സംഘപരിവാറിന്റെ പ്രതികാരം. കോടതി നിയോഗിച്ച എസ്‌ഐടിയുടെ കണ്ടെത്തലുകൾ അംഗീകരിച്ചാണ്‌ സുപ്രീംകോടതി സാകിയയുടെ ഹർജി തള്ളിയത്‌. എസ്‌ഐടി തലവനും അംഗങ്ങൾക്കും എതിരെ ടീസ്‌ത ഉൾപ്പെടെയുള്ളവർ നേരത്തേ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. എസ്‌ഐടി തലവനും സിബിഐ മുൻ ഡയറക്ടറുമായ ആർ കെ രാഘവനെ സൈപ്രസ്‌ സ്ഥാനപതിയായി 2017ൽ വിദേശകാര്യമന്ത്രാലയം നിയമിച്ചു.

നീതിക്കായി ശബ്ദിച്ചു; 
നേരിട്ടത്‌ നിരന്തര വേട്ട
ഗുജറാത്ത്‌ വംശഹത്യയിൽ നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്തതോടെയാണ്‌ ടീസ്‌ത സെതൽവാദ്‌ ബിജെപിയുടെ കണ്ണിലെ കരടായത്‌. മോദി സർക്കാരിനും സംഘപരിവാറിനുമെതിരെ നിലപാട്‌ സ്വീകരിക്കുന്നവരിൽ പ്രധാനി. എതിർക്കുന്നവരെ അധികാരം ഉപയോഗിച്ച്‌ നിശ്ശബ്ദരാക്കുന്ന സംഘപരിവാർ വേട്ടയുടെ ഇര. പത്മശ്രീയും നിരവധി ദേശീയ ബഹുമതികളും ലഭിച്ചു.

ഗുജറാത്ത്‌ വംശഹത്യക്കെതിരെ സാകിയ ജാഫ്രി നടത്തിയ നിയമപോരാട്ടത്തെ ടീസ്‌ത  പിന്തുണച്ചു. വംശഹത്യയിൽ അന്വേഷണത്തിന്‌ സുപ്രീംകോടതി ഉത്തരവിട്ടത്‌ സാകിയ ജാഫ്രി-യും ടീസ്‌ത സ്ഥാപകയായ സിറ്റിസൺസ്‌ ഫോർ ജസ്റ്റിസ്‌ ആൻഡ്‌ പീസും നൽകിയ ഹർജിയിലാണ്‌. ഗോധ്ര സംഭവശേഷമുണ്ടായ സംഘർഷങ്ങൾ വംശഹത്യയിലേക്ക്‌ നീങ്ങിയതിനുപിന്നിൽ അന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ഇടപെടലായിരുന്നെന്ന്‌ ചൂണ്ടിക്കാട്ടിയും ഹർജി നൽകി. നീതിക്കായി വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനിടെ ബിജെപി സർക്കാർ നിരന്തരം വേട്ടയാടി. വ്യാജ തെളിവുണ്ടാക്കിയെന്നാരോപിച്ച്‌ 2004ൽ കേസെടുത്തു. ബെസ്റ്റ്‌ ബേക്കറി കേസിലെ സാക്ഷി സഹീറ ഷെയ്ഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നിത്‌. 2005ൽ കേസ്‌ റദ്ദാക്കിയ സുപ്രീംകോടതി അസത്യം പറഞ്ഞതിന് സഹീറയെ ഒരു വർഷത്തെ തടവിന്‌ ശിക്ഷിച്ചു. വ്യാജ പരാതികളിൽ അറസ്റ്റ്‌ ചെയ്യാനുള്ള നിരവധി ശ്രമങ്ങൾ കോടതി തടഞ്ഞിരുന്നു.

സത്യം പറഞ്ഞു; 
കണ്ണിലെ കരടായി
ഗുജറാത്ത്‌ വംശഹത്യ നടക്കുന്ന സമയത്ത്‌ ഗുജറാത്ത്‌ എഡിജിപി ആയിരുന്നു തിരുവനന്തപുരം സ്വദേശിയായ ആർ ബി ശ്രീകുമാർ. കലാപം അടിച്ചമർത്താൻ തുടക്കത്തിൽ സർക്കാർ ശ്രമിച്ചില്ലെന്ന്‌ തുറന്നുപറഞ്ഞു. അന്വേഷണ കമീഷനുകൾക്കു മുന്നിലും ഇത്‌ ആവർത്തിച്ചു. സർക്കാർ ഏജൻസികളും കലാപകാരികളും തമ്മിലുള്ള ഒത്തുകളി തുറന്നുകാട്ടിയപ്പോഴായിരുന്നു പ്രതികാര നടപടിയുടെ തുടക്കം. 

1971 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രീകുമാറിനെ 2002 ഏപ്രിലിലാണ്‌ മോദി സർക്കാർ എഡിജിപി (ഇന്റലിജൻസ്) ആയി നിയമിച്ചത്. ഗോധ്രയിൽ സബർമതി എക്‌സ്‌പ്രസ് ട്രെയിൻ കത്തിച്ചതിനെത്തുടർന്ന് സംസ്ഥാനം വർഗീയ കലാപത്തിന്റെ പിടിയിലമർന്ന സമയമായിരുന്നു അത്‌. 182 നിയോജക മണ്ഡലത്തിൽ 154ലും കലാപം ബാധിച്ചെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്ക് റിപ്പോർട്ട്‌ നൽകി. നിയമസഭാ തെരഞ്ഞെടുപ്പിന്‌ അനുകൂല സാഹചര്യമാണെന്ന സർക്കാർ വാദത്തിന്‌ വിരുദ്ധമായിരുന്നത്‌.

2002ൽ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ ‘വർഗീയ വികാരങ്ങൾ’ ചൂണ്ടിക്കാട്ടി ദേശീയ ന്യൂനപക്ഷ കമീഷന്‌ റിപ്പോർട്ട് നൽകിയതോടെ ഡിജിപിയായുള്ള സ്ഥാനക്കയറ്റം നിഷേധിച്ചു. പൊലീസ്‌ പരിഷ്‌കരണവിഭാഗം എഡിജിപിയായി സ്ഥലംമാറ്റി. 2007-ൽ വിരമിക്കുന്നതുവരെ തൽസ്ഥാനത്ത് തുടർന്നു. സ്ഥാനക്കയറ്റം തടഞ്ഞത്‌ ചോദ്യം ചെയ്‌ത്‌ നൽകിയ ഹർജിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽനിന്ന്‌ അനുകൂലവിധി നേടി. 2008-ൽ മുൻകാല പ്രാബല്യത്തോടെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top