20 April Saturday

ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കൽ ;കേന്ദ്രത്തിന്റെ മറുപടിയിൽ അതൃപ്‌തി പ്രകടിപ്പിച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


ന്യൂഡൽഹി
ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുക്കുന്ന വിഷയത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി സത്യവാങ്‌മൂലത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച്‌ സുപ്രീംകോടതി. ‘കേന്ദ്രസർക്കാർ സമർപ്പിച്ച മറുപടി സത്യവാങ്‌മൂലം ഒട്ടും തൃപ്‌തികരമല്ല. കൃത്യമായ മറുപടി ഉടൻ ഫയൽ ചെയ്യണം’–- ജസ്റ്റിസുമാരായ സഞ്‌ജയ്‌കിഷൻകൗൾ, എം എം സുന്ദരേഷ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു.

വിദേശരാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ പാലിക്കുന്ന നടപടിക്രമംകൂടി പരിശോധിക്കണം. പിടിച്ചെടുക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിൽ പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ഉണ്ടാകാമെന്നും അതെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ്‌ എം എം സുന്ദരേഷ്‌ ചൂണ്ടിക്കാട്ടി. ഉപകരണങ്ങൾ പിടിച്ചെടുക്കൽ, പരിശോധിക്കൽ, ഉള്ളടക്കം സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക്‌ വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൻയു മുൻ പ്രൊഫ. രാംരാമസ്വാമി, സാവിത്രിഭായ്‌ ഫുലേ സർവകലാശാല പ്രൊഫ. സുജാതപട്ടേൽ, എഴുത്തുകാരൻ മുകുൾ കേശവൻ തുടങ്ങിയവരാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.
നിരവധി കേസിൽ ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ പിടിച്ചെടുത്തശേഷം തിരിമറി ഉണ്ടാകുന്നതായുള്ള ആക്ഷേപം ശക്തമാണെന്ന്‌ ഹർജിക്കാർ വിശദീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top