ന്യൂഡൽഹി
വ്യാപകമായി ദുരുപയോഗിക്കുന്ന രാജ്യദ്രോഹം വകുപ്പിന് (124എ) എതിരായ ഹർജികൾ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദ്ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരം കൊണ്ടുവരുന്ന ഭാരതീയ ന്യായ സംഹിത പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലുള്ളതിനാൽ തിടുക്കപ്പെട്ട് കേസിൽ തീരുമാനമെടുക്കരുതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
പുതിയ ബിൽ നിയമമായാലും ഐപിസി 124എ പ്രകാരമുള്ള മുൻകാല കേസുകളെ ബാധിക്കില്ലെന്നും പുതിയ ശിക്ഷാ നിയമം ഭാവിയിൽ മാത്രമേ ബാധകമാകൂവെന്നും ബെഞ്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോടും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും വ്യക്തമാക്കി. അതുകൊണ്ടുതന്നെ, നിലവിലുള്ള കേസുകളിൽ 124എ വകുപ്പ് ചുമത്തിയതിന്റെ സാധുത പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.
1962ൽ 124എ വകുപ്പ് ശരിവച്ച കേദാർനാഥ് സിംഗ് കേസിലെ വിധി പുറപ്പെടുവിച്ചത് അഞ്ചംഗ ഭരണഘടന ബെഞ്ചാണ്. മൗലികാവകാശങ്ങളുടെ വിശാലത മനസ്സിലാക്കാതെയുള്ള വിധിയാണ് കേദാർനാഥ് സിങ് കേസിലുണ്ടായത്. പിന്നീടുണ്ടായ വിധിന്യായങ്ങളിലാണ് സമത്വത്തിനുള്ള അവകാശം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവ തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തതവരുത്തിയത്–- ഉത്തരവിൽ പറഞ്ഞു. എത്ര ജഡ്‌ജിമാർ അടങ്ങുന്ന ബെഞ്ചാണ് രൂപീകരിക്കേണ്ടതെന്ന് എന്നതിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.
കേന്ദ്രം കൊണ്ടുവരുന്ന പുതിയ നിയമവും ദുരുപയോഗം തുടരാൻ കഴിയുന്നതാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. അഞ്ചംഗ ബെഞ്ച് പിന്നീട് ഏഴംഗബെഞ്ചിന് ഹർജികൾ കൈമാറുന്ന സാഹചര്യം ഒഴിവാക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..