27 April Saturday

‘നിങ്ങളുടെ മുഖ്യമന്ത്രിക്ക്‌ എന്തെങ്കിലും അറിയുമോ?’ ; ഗുജറാത്ത് സര്‍ക്കാരിനെതിരെ തുറന്നടിച്ച് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021


​ന്യൂഡൽഹി
കോവിഡിനിരയായവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പരിശോധനാസമിതി ഉണ്ടാക്കിയതില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമർശം. സുപ്രീംകോടതി ഉത്തരവിന്‌ വിരുദ്ധമായി നടപടിയെടുത്തതാണ് ചൊടിപ്പിച്ചത്‌. ആരാണ്‌ ഇങ്ങനെ ഉത്തരവിറക്കിയതെന്ന്‌ ജസ്‌റ്റിസ്‌ എം ആർ ഷാ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു. അഡീഷണൽ ചീഫ്‌സെക്രട്ടറി തയ്യാറാക്കിയ ഉത്തരവ്‌ മുഖ്യമന്ത്രിയാണ്‌ അംഗീകരിച്ചതെന്ന്‌ ഗുജറാത്തിനുവേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർമെഹ്‌ത പ്രതികരിച്ചു.

‘നിങ്ങളുടെ മുഖ്യമന്ത്രിക്ക്‌ എന്തെങ്കിലും അറിയുമോ? ഈ രീതിയിലാണ്‌ കാര്യങ്ങൾ മനസ്സിലാക്കുന്നതെങ്കിൽ നിങ്ങൾക്കൊന്നും ഒന്നും അറിയില്ലെന്ന്‌ പറയേണ്ടി വരും. ഒരുത്തരവ്‌ വായിച്ച്‌ കാര്യം മനസ്സിലാക്കാൻ ഇംഗ്ലീഷ്‌ അറിയില്ലേ? കാര്യങ്ങൾ വൈകിപ്പിക്കാനുള്ള ഉദ്യോഗസ്ഥശ്രമമാണിത്.’–- ജസ്‌റ്റിസ്‌ എം ആർ ഷാ തുറന്ന‌ടിച്ചു. തെറ്റായ അവകാശവാദം ഉന്നയിക്കുന്നവരെ കണ്ടെത്താനാണ്‌ പരിശോധനാസമിതിയെന്ന് സോളിസിറ്റർ ജനറൽ വിശദീകരിച്ചു. ചിലർ തെറ്റായ അവകാശവാദം ഉന്നയിക്കുന്നുണ്ടാകാം. അതിന്റെ പേരിൽ അർഹരായ ആയിരങ്ങൾ കഷ്ടപ്പെടണമെന്ന്‌ വാദിക്കുന്നത്‌ ശരിയല്ല.

പരിശോധനാസമിതി ആവശ്യപ്പെടുന്ന രേഖകൾ സംഘടിപ്പിക്കാൻ വർഷങ്ങള്‍ വേണ്ടിവരും.10,000 കോവിഡ്‌ മരണത്തിൽ എത്രപേർക്ക്‌ 50,000 രൂപവീതം നഷ്ടപരിഹാരം നൽകിയെന്നതടക്കം അറിയിക്കാനും കോടതി നിർദേശിച്ചു. ഗുജറാത്ത്‌ ചീഫ്‌സെക്രട്ടറി, അഡീഷണൽ ചീഫ്‌സെക്രട്ടറി തുടങ്ങിയവരുമായി വീഡിയോകോൺഫറൻസ്‌ വഴി കോടതി ആശയവിനിമയം നടത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top