23 April Tuesday
സർക്കാർ സമർപ്പിച്ചത്‌ കുറച്ച്‌ വിശദാംശങ്ങൾ മാത്രമുള്ള 
 ‘പരിമിത സത്യവാങ്മൂലം’

രാജ്യസുരക്ഷ ഫ്രീപാസ് അല്ല , മൂകസാക്ഷിയായി ഇരിക്കുമെന്ന ധാരണ വേണ്ട : സുപ്രീംകോടതി

എം അഖിൽUpdated: Wednesday Oct 27, 2021

ന്യൂഡൽഹി
പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയറിലൂടെ വിവരങ്ങൾ ചോർത്തിയോ എന്ന ചോദ്യത്തിൽനിന്ന്‌ രാജ്യസുരക്ഷയുടെ പേരിൽ കേന്ദ്രസർക്കാരിന്‌ തടിതപ്പാനാകില്ലെന്ന്‌ സുപ്രീംകോടതി. ‘‘രാജ്യസുരക്ഷ എല്ലാത്തിൽനിന്നും ഒഴിഞ്ഞുമാറാനുള്ള ഫ്രീ പാസായി സർക്കാർ ഉപയോഗിക്കരുത്‌. ഇത്തരം വിഷയങ്ങളിൽ കോടതികൾക്ക്‌ പരിധികൾ ഉണ്ടെന്നത്‌ വസ്‌തുതയാണ്‌. എന്നാൽ, രാജ്യസുരക്ഷയുടെ പേരിൽ ഉമ്മാക്കി കാണിച്ച്‌ കോടതികളെ വിരട്ടാൻ നോക്കേണ്ട. ഈ കാരണത്താൽ കോടതികൾ  ഏതെങ്കിലും വിഷയത്തിൽനിന്നും പേടിച്ച്‌ അകന്നുമാറി നിൽക്കില്ല. എന്തെങ്കിലും വിശദാംശം കൈമാറിയാൽ രാജ്യസുരക്ഷയ്‌ക്ക്‌ ദോഷകരമാകുമെന്ന്‌ ആവർത്തിച്ചതുകൊണ്ട്‌ കാര്യമില്ല. എങ്ങനെ, ഏത്‌ രീതിയിൽ ആ വിശദാംശങ്ങൾ രാജ്യസുരക്ഷയ്‌ക്ക്‌ ദോഷകരമാകുമെന്ന് ബോധ്യപ്പെടുത്തണം. അല്ലാതെ, കോടതി എല്ലാം അംഗീകരിച്ച്‌  മൂകസാക്ഷിയായി ഇരിക്കുമെന്ന ധാരണ വച്ചുപുലർത്തരുത്‌ ’’–- ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

പെഗാസസിൽ കുറച്ച്‌ വിശദാംശങ്ങൾ മാത്രമുള്ള ‘പരിമിത സത്യവാങ്മൂലം’ മാത്രമാണ്‌ കേന്ദ്രം സമർപ്പിച്ചതെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പൗരരുടെ വിവരം ചാരസോഫ്‌റ്റ്‌വെയർ ആയുധമാക്കി ചോർത്തുന്നു, അതിന്‌ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു–- തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ്‌ ഉയർന്നത്‌. വിഷയത്തിൽ  നടപടി സ്വീകരിക്കുംമുമ്പ്‌ കോടതിക്ക്‌ കേന്ദ്ര നിലപാട്‌ അറിയണം. സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യത്തിലധികം സമയം നല്‍കിയെങ്കിലും സർക്കാർ സന്നദ്ധമായില്ല. ‘പരിമിത സത്യവാങ്മൂല’ത്തിലാകട്ടെ കൂടുതൽ വെളിപ്പെടുത്താൻ പറ്റില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നു. ഇതോടെയാണ് വിദഗ്‌ധസമിതി അന്വേഷണത്തിന്‌ ഉത്തരവിടാൻ നിർബന്ധിതരായതെന്ന് ജസ്‌റ്റിസുമാരായ സൂര്യകാന്ത്‌, ഹിമാകോഹ്‌ലി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ വിശദീകരിച്ചു.

സത്യം കണ്ടെത്തണം അടിവേര്‌ ചികയണം
പെഗാസസിൽ ഉയർന്നത്‌ അതീവഗുരുതര ആരോപണങ്ങളാണെന്നും അതിന്റെ അടിവേര്‌ കണ്ടെത്തണമെന്നും സുപ്രീംകോടതി.  മൗലികാവകാശം ലംഘിക്കപ്പെട്ടെന്നാണ്‌ ആരോപണം. രാജ്യസുരക്ഷയുടെ പേരിൽ സർക്കാരിന്‌ പ്രതികൂല നിലപാട്‌ സ്വീകരിക്കാനാവില്ല. ഭരണകൂടമോ ബാഹ്യഏജൻസികളോ രഹസ്യനിരീക്ഷണം നടത്തുമ്പോൾ സ്വകാര്യതാ അവകാശം ലംഘിക്കപ്പെടുന്നു. ഇന്റലിജൻസ്‌ ഏജൻസികളുടെ നിരീക്ഷണ വിവരങ്ങൾ ഭീകരവാദത്തെ തടയാനും മറ്റും ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അതിന്റെ പേരിൽ ജനാധിപത്യരാജ്യത്ത്‌ തോന്നിയത്‌ പോലെ വിവരങ്ങൾ ചോർത്താനും നിരീക്ഷിക്കാനും കഴിയില്ല. 

ഏതെങ്കിലും രീതിയിൽ നിരീക്ഷിക്കുന്നുണ്ടെങ്കിൽ ഭരണഘടനാപരമായ യുക്തി വേണം. കൃത്യമായ നടപടിക്രമം പാലിച്ചും തെളിവ് അവശേഷിപ്പിച്ചുമാകണം അത്‌. വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും താൻ നിരീക്ഷണത്തിലാണെന്നുമുള്ള തോന്നൽ പൗരന്റെ സാധാരണ ജീവിതത്തെ താറുമാറാക്കും. സ്വയം സെൻസർഷിപ് ഏർപ്പെടുത്താൻ നിർബന്ധിതരാകും. മാധ്യമപ്രവർത്തകർക്ക്‌ ‘സോഴ്‌സുകൾ’ സംരക്ഷിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിത്തറ കുളംതോണ്ടപ്പെടും. വിഖ്യാത നോവലിസ്റ്റ്‌ ജോർജ്‌ ഓർവെൽ കൃതികളിൽ ആവിഷ്‌കരിച്ചിട്ടുള്ള എല്ലാവരും ഭരണകൂടനിരീക്ഷണത്തിന്‌ വിധേയരാക്കപ്പെടുന്ന ലോകത്തിന്റെ ആശങ്കകളാണ്‌ ഹർജിക്കാർ ഉന്നയിച്ചത്‌. യാഥാർഥ്യം അറിയേണ്ടത്‌ കോടതിയുടെ ധർമമാണ്‌. രാഷ്ട്രീയവിവാദങ്ങളിലേക്ക്‌ കടക്കാതെ ഭരണഘടനാതാൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ്‌ കോടതിയുടെ താൽപ്പര്യം–- സുപ്രീംകോടതി നിരീക്ഷിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top