18 December Thursday

കേസ്‌ മറുപടിയാണോ ; എഡിറ്റേഴ്‌സ്‌ ഗിൽഡിന്‌ എതിരായ മണിപ്പുർ സർക്കാരിന്റെ നടപടി

എം അഖിൽUpdated: Friday Sep 15, 2023


ന്യൂഡൽഹി
എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ വസ്‌തുതാന്വേഷണറിപ്പോർട്ടിനുള്ള മറുപടിയാണോ മണിപ്പുർ പൊലീസ്‌ മാധ്യമപ്രവർത്തകർക്കെതിരെ എടുത്ത കേസെന്ന്‌  സുപ്രീംകോടതി. മണിപ്പുർ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമർശം. കേസ്‌ പ്രതികാര നടപടിയാണോയെന്ന പരോക്ഷ പ്രതികരണമാണ്‌ കോടതിയിൽനിന്നുണ്ടായത്‌.

എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ റിപ്പോർട്ടിന്‌ സംസ്ഥാനസർക്കാർ നൽകേണ്ട മറുപടിയിൽ പറയേണ്ട കാര്യങ്ങളാണ്‌ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ളത്‌. ഈ സാഹചര്യത്തിൽ, കേസ്‌ റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ അത്‌ കോടതിയെ ബോധ്യപ്പെടുത്തണമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ഉൾപ്പെട്ട ബെഞ്ച്‌ നിർദേശിച്ചു. എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ സംഘത്തിലെ മാധ്യമപ്രവർത്തകർക്ക്‌ എതിരെ മണിപ്പുർ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ പറഞ്ഞിട്ടുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന്‌ സുപ്രീംകോടതി വാക്കാൽനിരീക്ഷിച്ചു.  മണിപ്പുർ സന്ദർശിച്ച്‌ വസ്‌തുതകൾ അന്വേഷിച്ച്‌ റിപ്പോർട്ടുകൾ പുറത്തിറക്കിയാൽ അത്‌ കുറ്റകൃത്യമാകുന്നത്‌ എങ്ങനെയെന്നും കോടതി ചോദിച്ചു.

പരാതിക്കാരനോടും മണിപ്പുർ പൊലീസിനോടും രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മറുപടി സത്യവാങ്‌മൂലം ഫയൽ ചെയ്യാനും കോടതി നിർദേശിച്ചു. സത്യവാങ്‌മൂലങ്ങൾ പരിശോധിച്ചശേഷം കേസ്‌ റദ്ദാക്കണോയെന്ന്‌ കോടതി തീരുമാനിക്കും. മണിപ്പുർ സന്ദർശിച്ച്‌ വസ്‌തുതാന്വേഷണ റിപ്പോർട്ട്‌ തയ്യാറാക്കിയ മാധ്യമപ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന മുൻ ഉത്തരവ്‌ രണ്ടാഴ്‌ചത്തേക്കുകൂടി കോടതി നീട്ടി. ‘വിദ്വേഷം പടർത്താൻ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ 153 എ വകുപ്പ്‌ പ്രകാരമുള്ള കുറ്റമാണ്‌ മാധ്യമപ്രവർത്തകർക്ക്‌ എതിരെ ചുമത്തിയിട്ടുള്ളത്‌. എന്നാൽ, വസ്‌തുതാന്വേഷണറിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ്‌ പരാതിക്കാരന്റെ ആരോപണം.  ‘രാജ്യത്ത്‌ ഉടനീളം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്‌. തെറ്റായ വിവരങ്ങൾ നൽകുന്ന എല്ലാവരെയും 153 എ വകുപ്പ്‌ പ്രകാരം വിചാരണ ചെയ്യാൻ കഴിയുമോ? ’–- ചീഫ്‌ജസ്‌റ്റിസ്‌ മണിപ്പുർ സർക്കാരിനോട്‌ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top