25 April Thursday

സ്‌ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളെ ഉരുക്കുമുഷ്ടിയാൽ നേരിടണമെന്ന്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Aug 19, 2022

ന്യൂഡൽഹി> സ്‌ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ ഉരുക്കുമുഷ്‌ടിയാൽ നേരിടുമെന്ന സന്ദേശം സമൂഹത്തിന്‌ നൽകണമെന്ന്‌ സുപ്രീംകോടതി. ജാർഖണ്ഡിൽ സ്‌ത്രീധനത്തിന്റെ പേരിൽ മരുമകളെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർതൃപിതാവിനും മാതാവിനും പത്ത്‌വർഷം കഠിനതടവ്‌ വിധിച്ച ഹൈക്കോടതി വിധി ശരിവെച്ചാണ്‌ സുപ്രീംകോടതി നിരീക്ഷണം.

‘സ്‌ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ തടയാനാണ്‌ ഐപിസിയിൽ 304ബി വകുപ്പ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. സ്‌ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യം യഥാർഥത്തിൽ സമൂഹത്തിന്‌ എതിരായ കുറ്റകൃത്യമാണ്‌. അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഉരുക്കുമുഷ്ടിയാൽ തന്നെ നേരിടണം’– ജസ്‌റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച്‌  പറഞ്ഞു.

പ്രായം കണക്കിലെടുത്ത്‌ ശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കല്യാണം കഴിഞ്ഞ്‌ ഒരു വർഷം തികയുന്നതിന്‌ മുമ്പാണ്‌ കൊലപാതകം നടന്നതെന്നും സ്‌ത്രീധനം ആവശ്യപ്പെട്ടിട്ടുള്ള കാര്യം പ്രോസിക്യൂഷൻ വിജയകരമായി സ്ഥാപിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. അതിസാരം കാരണമാണ്‌ മരുമകൾ മരിച്ചതെന്നാണ്‌ പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ, ആകാര്യം സ്ഥാപിക്കാൻ ആവശ്യമായ തെളിവുകളില്ല.  ഐപിസി 304ാം വകുപ്പ്‌ പ്രകാരമുള്ള കുറഞ്ഞ ശിക്ഷ ഏഴ്‌ വർഷവും കൂടുതൽ ശിക്ഷ ജീവപര്യന്തുമാണ്‌. ഈ കേസിൽ 10 വർഷം തടവ്‌ മാത്രമാണ്‌ ഹൈക്കോടതി വിധിച്ചിട്ടുള്ളത്‌. ഈ സാഹചര്യത്തിൽ, ശിക്ഷ ഇളവ്‌ ചെയ്യേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top