24 April Wednesday

കൊളീജിയം തർക്കം : കേന്ദ്രത്തെ വീണ്ടും 
വിമർശിച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023


ന്യൂഡൽഹി
കൊളീജിയം ശുപാർശകൾ പരിഗണിക്കാതെ തിരിച്ചയക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തെ വീണ്ടും നിശിതമായി വിമർശിച്ച്‌ സുപ്രീംകോടതി. ആവർത്തിച്ച്‌ അയക്കുന്ന പേരുകൾ പോലും നിയമമന്ത്രാലയം പരിഗണിക്കാതെ തിരിച്ചയക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ ചീഫ്‌ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ സഞ്‌ജയ്‌ കിഷൻ കൗൾ, കെ എം ജോസഫ്‌ എന്നിവരുൾപ്പെട്ട സുപ്രീംകോടതി കൊളീജിയം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള ലേഖനം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്‌ ജഡ്‌ജിയാകുന്നതിനുള്ള അയോഗ്യതയായി പരിഗണിക്കാനാകില്ലെന്നും കൊളീജിയം അറിയിച്ചു. 

കൽക്കത്ത ഹൈക്കോടതിയിലേക്ക്‌ അമിതേഷ്‌ ബാനർജി, സത്യസെൻ, മദ്രാസ്‌ ഹൈക്കോടതിയിലേക്ക്‌ ആർ ജോൺ സത്യൻ, ഡൽഹി ഹൈക്കോടതിയിലേക്ക്‌ സൗരത്‌ കൃപാൽ, ബോംബെ ഹൈക്കോടതിയിലേക്ക്‌ സോമശേഖരൻ സുന്ദരേശൻ എന്നിവരുടെ പേരുകൾ ആവർത്തിച്ച്‌ നിർദേശിച്ചുള്ള അറിയിപ്പിലാണ്‌ കൊളീജിയം നിലപാടുകൾ വ്യക്തമാക്കിയത്‌.  രണ്ട്‌ പേരുകളും വീണ്ടും അയക്കുന്നു. വേഗത്തിൽ തീരുമാനമാകണം–- കൊളീജിയം അറിയിച്ചു.

ജോൺ സത്യന്റെ പേര്‌ മടക്കിയത്‌ ഐബിയുടെ ചില കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടിയാണ്‌.  മോദിയെ വിമർശിക്കുന്ന ഓൺലൈൻ ലേഖനം ഷെയർ ചെയ്‌തു, 2017ൽ മെഡിക്കൽ എൻട്രൻസ്‌  വിദ്യാർഥി ആത്മഹത്യ ചെയ്‌തപ്പോൾ രാഷ്ട്രീയ വഞ്ചനയെന്നും ഷെയിം ഓൺ യു ഇന്ത്യ എന്നും ഹാഷ്‌ടാഗ്‌ ചെയ്‌തു എന്നിവയാണ്‌ കുറ്റമായി കണ്ടത്‌. രണ്ടും ജഡ്‌ജിയാകുന്നതിന്‌ തടസ്സമാകുന്ന കാര്യങ്ങളല്ല–- കൊളീജിയം വ്യക്തമാക്കി.

സ്വവർഗാനുരാഗി ആയതുകൊണ്ട്‌ 
കൊളീജിയം ശുപാർശ തള്ളാനാകില്ല
സ്വവർഗാനുരാഗി ആണെന്ന്‌ വെളിപ്പെടുത്തി ലൈംഗിക ന്യൂനപക്ഷങ്ങളുടെ (എൽജിബിറ്റിക്യു) അവകാശങ്ങൾക്കായി നിലകൊള്ളുന്ന പ്രമുഖ അഭിഭാഷകൻ സൗരഭ്‌ കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി വീണ്ടും നിർദേശിച്ച്‌ സുപ്രീംകോടതി കൊളീജിയം. ലൈംഗിക ചായ്‌വിന്റെ പേരിൽ സൗരഭ്‌ കൃപാലിന്റെ പേര്‌ നിരാകരിക്കുന്നത്‌ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന്‌ കൊളീജിയം ചൂണ്ടിക്കാട്ടി.

2017 ഒക്‌ടോബറിൽ ഡൽഹി ഹൈക്കോടതി കൊളീജിയം ഏകകണ്‌ഠമായാണ്‌ സൗരഭിന്റെ പേര്‌ ശുപാർശ ചെയ്‌തത്‌. 2021 നവംബറിൽ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ച്‌ കേന്ദ്രത്തിന്‌ അയച്ചു. ചില നിരീക്ഷണങ്ങളോടെ കഴിഞ്ഞ നവംബറിൽ കേന്ദ്രം ശുപാർശ മടക്കി. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെങ്കിലും സ്വവർഗ വിവാഹം ഇപ്പോഴും നിയമപരമല്ലെന്നാണ്‌ നിയമ മന്ത്രിയുടെ കത്തിൽ പറയുന്നത്‌. കൃപാലിന്റെ പങ്കാളി വിദേശിയാണെന്നും വിയോജിപ്പായി അറിയിച്ചു. ഇവയൊന്നും നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. ജഡ്‌ജി സാധ്യതയുള്ള വ്യക്തിയെന്ന നിലയിൽ തന്റെ ലൈംഗിക ചായ്‌വ്‌ മറച്ചുപിടിക്കാൻ അദ്ദേഹം  ശ്രമിച്ചില്ലെന്നും കൊളീജിയം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top