01 December Friday

‘അധികം പറയിക്കരുത്‌’ ; ജഡ്‌ജി നിയമനം: കേന്ദ്രസർക്കാരിനെ വീണ്ടും ശാസിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Tuesday Sep 26, 2023


ന്യൂഡൽഹി
ജഡ്‌ജി നിയമനത്തിനുള്ള കൊളീജിയം ശുപാർശകളിൽ അടയിരിക്കുന്ന കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ ശാസിച്ച്‌ സുപ്രീംകോടതി. വിഷയത്തിൽ കോടതിക്ക്‌ കുറെയേറെ പറയാനുണ്ട്‌. ഈ അവസരത്തിൽ അതിന്‌ മുതിരുന്നില്ല. എന്നാൽ, അടുത്ത വാദംകേൾക്കലിന്‌ ഈ സൗജന്യം പ്രതീക്ഷിക്കരുതെന്ന്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌കിഷൻകൗൾ അധ്യക്ഷനായ ബെഞ്ച്‌ തുറന്നടിച്ചു. 2022 നവംബർ മുതൽ വിവിധ ഹൈക്കോടതി കൊളീജിയങ്ങൾ കൈമാറിയിട്ടുള്ള എൺപതോളം ശുപാർശകളിൽ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഒമ്പത്‌ ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനവും 26 ജഡ്‌ജിമാരുടെ സ്ഥലംമാറ്റവും തടസ്സപ്പെട്ടു. പ്രശ്‌നബാധിത (മണിപ്പുർ) സംസ്ഥാനത്തെ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിന്റെ നിയമനംപോലും നടന്നില്ല–- ജസ്റ്റിസ്‌ സുധാൻശുധുലിയകൂടി അംഗമായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

പ്രതികരണം അറിയിക്കാൻ ഒരാഴ്‌ച സാവകാശം അനുവദിക്കണമെന്ന്‌ അറ്റോണിജനറൽ ആർ വെങ്കടരമണി ആവശ്യപ്പെട്ടു. രണ്ടാഴ്‌ച സമയം നൽകുകയാണെന്നും കേന്ദ്രസർക്കാരിന്റെ കൃത്യമായ നിലപാട്‌ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ബംഗളൂരു അഡ്വക്കറ്റ്‌സ്‌ അസോസിയേഷൻ നൽകിയ ഹർജിയാണ്‌ പരിഗണിച്ചത്‌. ജഡ്‌ജിനിയമനവിഷയത്തിൽ സർക്കാർ തീരുമാനം വൈകുന്നതു കാരണം ജഡ്‌ജിമാരാകാൻ സമ്മതം നൽകിയ പലരും പിൻമാറുകയാണെന്ന്‌ അഡ്വ. പ്രശാന്ത്‌ഭൂഷൺ പറഞ്ഞു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ജഡ്‌ജി നിയമനം, സ്ഥലംമാറ്റം തുടങ്ങിയ നടപടികൾ അതിസൂക്ഷ്‌മമായി നിരീക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. പത്തു ദിവസം കൂടുമ്പോൾ വിഷയം പരിഗണിച്ച്‌ പുരോഗതി വിലയിരുത്താൻ ആലോചിക്കുന്നുണ്ട്‌–-  സുപ്രീംകോടതി കൂട്ടിച്ചേർത്തു.

കൊളീജിയം ശുപാർശകൾ നടപ്പാക്കുന്നതിൽ കേന്ദ്രം പുലർത്തുന്ന ഉദാസീനതയ്‌ക്കെതിരെ പല തവണ സുപ്രീംകോടതി രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. കൊളീജിയമാണ്‌ നിലവിൽ രാജ്യത്തെ നിയമമെന്നും അത്‌ പാലിച്ചേ മതിയാകൂവെന്നും ഒരുഘട്ടത്തിൽ കോടതി ഓർമിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top