ന്യൂഡൽഹി
വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിക്കും കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വരുന്ന ഉത്സവകാലത്ത് രാജ്യത്ത് ക്ഷാമവും അതിരൂക്ഷമായ വിലക്കയറ്റവും ഉണ്ടാകാമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് അടിയന്തര നിയന്ത്രണത്തിന് നിർബന്ധിതമായത്. മോദിസർക്കാർ വന്നശേഷം പഞ്ചസാര കയറ്റുമതി ക്രമാതീതമായി ഉയർന്നത് കയറ്റുമതി വ്യവസായികൾക്ക് വൻനേട്ടമായപ്പോൾ ആഭ്യന്തരവിപണിയിൽ സ്ഥിതി വഷളായി.
ഇതോടെ, ഈ സീസണിൽ കയറ്റുമതി ചെയ്യുന്ന പഞ്ചസാരയുടെ അളവ് പരമാവധി ഒരു കോടി ടണ്ണായി ഭക്ഷ്യമന്ത്രാലയം നിശ്‌ചയിച്ചു. ജൂൺ ഒന്നുമുതൽ ഒക്ടോബർ 31 വരെ പഞ്ചസാര കയറ്റുമതി ചെയ്യാൻ മില്ലുകളും കയറ്റുമതി വ്യവസായികളും ഭക്ഷ്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. 2021–-22ൽ 90 ലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ കരാറായിരുന്നു. ഇതിൽ 82 ലക്ഷം ടൺ പഞ്ചസാര ഗോഡൗണുകളിൽനിന്ന് അയച്ചു. 78 ലക്ഷം ടൺ കയറ്റുമതി ചെയ്‌തു. ഇതു സർവകാല റെക്കോഡാണ്. 2017–-18ൽ 6.2 ലക്ഷം ടൺ, 2018–-19ൽ 38 ലക്ഷം ടൺ, 2019–-20ൽ 59.60 ലക്ഷം ടൺ വീതം പഞ്ചസാരയാണ് കയറ്റുമതി ചെയ്‌തത്. 2020–-21ൽ 60 ലക്ഷം ടൺ ലക്ഷ്യമിട്ട സ്ഥാനത്ത് 70 ലക്ഷം ടൺ കയറ്റുമതി ചെയ്‌തു.
കയറ്റുമതി ഇത്തരത്തിൽ വർധിച്ചതോടെ, രാജ്യത്ത് ആഭ്യന്തര ഉപഭോഗത്തിനുവേണ്ട പഞ്ചസാരശേഖരം നിലനിർത്താനാണ് നിയന്ത്രണം. സീസൺ അവസാനിക്കുന്ന സെപ്‌തംബർ 30ന് 60–-65 ലക്ഷം ടൺ പഞ്ചസാരയെങ്കിലും ഗോഡൗണുകളിൽ ഉണ്ടായിരിക്കണം. ഏറ്റവും വലിയ പഞ്ചസാര ഉൽപ്പാദകരാജ്യമായ ഇന്ത്യ നടപ്പുവർഷം കയറ്റുമതിയിൽ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് കയറ്റുമതിയിൽ ഒന്നാമത്.
നടപ്പ് സാമ്പത്തിക വർഷവും അടുത്ത വർഷവും 20 ലക്ഷം ടൺ വീതം സൂര്യകാന്തി എണ്ണയും സോയാബീൻ എണ്ണയും തീരുവരഹിതമായി ഇറക്കുമതി ചെയ്യാനും കേന്ദ്രസർക്കാർ അനുമതി നൽകി. ഭക്ഷ്യഎണ്ണകളുടെ വിലക്കയറ്റവും രൂക്ഷമായി തുടരുകയാണ്. ഗോതമ്പ് കയറ്റുമതി വർധിപ്പിച്ചത് ആഭ്യന്തരവിപണിയിൽ വിലക്കയറ്റം രൂക്ഷമാക്കിയതോടെ അതിനും നിയന്ത്രണം വേണ്ടിവന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..