18 April Thursday

സോണിയ തുടരും; രാഹുലിന് മടി

എം പ്രശാന്ത്‌Updated: Sunday Oct 17, 2021

sonia gandhi rahul gandhi image credit wikimedia commons


ന്യൂഡൽഹി
വീണ്ടും കോൺഗ്രസ്‌ അധ്യക്ഷനാകാന്‍ രാഹുൽ ഗാന്ധി വിമുഖനായതിനാല്‍ ഒരു വര്‍ഷത്തേക്കുകൂടി സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷപദവിയിൽ തുടരും. വീണ്ടും കോണ്‍​ഗ്രസിനെ നയിക്കണമെന്ന് പ്രവർത്തകസമിതി യോഗത്തില്‍ ഒരുവിഭാ​ഗം അഭ്യര്‍ഥിച്ചെങ്കിലും രാഹുൽ താല്പര്യം കാണിച്ചില്ല. ഇതോടെ, 2022 ആഗസ്‌ത്‌ 21നും സെപ്‌തംബർ 20നും ഇടയിൽ പുതിയ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ്‌ നടത്താൻ യോഗം തീരുമാനിച്ചു.

കോൺഗ്രസ്‌ മുഖ്യമന്ത്രിമാരും എ കെ ആന്റണി, അംബിക സോണി തുടങ്ങിയവരുമാണ് രാഹുലിനോട് പദവിയേറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചത്.  പരിഗണിക്കാമെന്നുമാത്രം പറഞ്ഞ രാഹുൽ നേതാക്കളുടെ നിലപാടുകളില്‍ കൂടുതൽ വ്യക്തത വേണമെന്നും പറ‍ഞ്ഞു. മോദി സർക്കാരിനെതിരെ കൈക്കോർക്കാൻ എല്ലാ ജനാധിപത്യ പാർടികളും ശക്തികളും തയ്യാറാകണമെന്ന്‌ രാഷ്ട്രീയപ്രമേയം പാസാക്കി.

എഐസിസി ആസ്ഥാനത്ത്‌ പ്രവർത്തകസമിതി യോഗത്തിൽ മുഖ്യമന്ത്രിമാരടക്കം 57 പേർ പങ്കെടുത്തു. നേരിട്ടുള്ള പ്രവര്‍ത്തകസമിതി യോ​ഗം ചേരുന്നത് 18 മാസത്തിനുശേഷം. യുപി, പഞ്ചാബ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കം വിലയിരുത്തി. കോൺഗ്രസ്‌ അംഗങ്ങൾക്ക്‌ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന്‌ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

"മാധ്യമങ്ങൾ വഴി സംസാരിക്കണ്ട' ; ജി–-23 നേതാക്കളോട് സോണിയ
പ്രവർത്തകസമിതി യോഗത്തിലും കോൺഗ്രസിലെ ചേരിപ്പോര്‌ മറനീക്കി. സജീവമായി പ്രവർത്തിക്കുന്ന പൂർണസമയ അധ്യക്ഷയാണ്‌ താനെന്നും മാധ്യമങ്ങൾവഴി തന്നോട്‌ സംസാരിക്കേണ്ട കാര്യമില്ലെന്നും തുറന്നടിച്ച് സോണിയ. നേതൃമാറ്റം ആവശ്യപ്പെടുന്ന മുതിര്‍ന്ന നേതാക്കളുടെ വിമതകൂട്ടായ്മയായ ജി–-23നെ ലക്ഷ്യമിട്ടാണ് പൊട്ടിത്തെറി. ആരെയും പേര്‌ പറഞ്ഞ്‌ വിമര്‍ശിച്ചില്ല.

പൂർണസമയ അധ്യക്ഷ വേണമെന്ന്‌ ജി–- 23 നേതാക്കള്‍ നിരന്തരം ആവശ്യപ്പെടുമ്പോഴാണ് ഇടക്കാല അധ്യക്ഷയാണെങ്കിലും താൻ പൂർണസമയം പ്രവർത്തിക്കുന്നയാളാണെന്ന ഓര്‍മപ്പെടുത്തല്‍. ജി–-23 നേതാക്കളായ ഗുലാംനബി ആസാദ്‌, ആനന്ദ്‌ ശർമ, മുകുൾ വാസ്‌നിക്‌ തുടങ്ങിയവർ യോഗത്തിലുണ്ടായിരുന്നു. പൂർണസമയ പ്രസിഡന്റ്‌ ഇല്ലാത്തതിനാൽ കോൺഗ്രസിൽ ആരാണ്‌ തീരുമാനങ്ങളെടുക്കുന്നതെന്ന്‌ അറിയില്ലെന്ന്‌ കപിൽ സിബൽ അടുത്തിടെ വാർത്താസമ്മേളനം വിളിച്ച്‌ വിമർശിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെയാണ്‌ രാഹുൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്‌. നെഹ്‌റു കുടുംബത്തിന്‌ പുറത്തുനിന്ന് ഒരാൾ പ്രസിഡന്റാകട്ടെയെന്നും രാഹുൽ നിർദേശിച്ചു. എന്നാൽ, നെഹ്‌റു കുടുംബ ഭക്തർ ശക്തമായി രംഗത്തെത്തി സോണിയയെക്കൊണ്ട്‌ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുപ്പിച്ചു. കെ സി വേണുഗോപാൽ, രൺദീപ്‌ സുർജെവാല തുടങ്ങിയവരുടെ അമിതാധികാരനീക്കം ചോദ്യം ചെയ്താണ് ജി–-23 രൂപപ്പെട്ടത്‌. കേരളം അടക്കം നിരവധി സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കളുടെ കൂട്ട കൊഴിഞ്ഞുപോക്കിന്റെയും പഞ്ചാബ്‌, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചേരിപ്പോരിന്റെയും പശ്ചാത്തലത്തിൽക്കൂടിയാണ്‌ പ്രവർത്തകസമിതി ചേർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top