19 December Friday

മണിപ്പുരിൽ സൈനികനെ 
തട്ടിക്കൊണ്ടുപോയി വധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023


ന്യൂഡൽഹി
അവധിയിൽ നാട്ടിലെത്തിയ മണിപ്പുർ സ്വദേശിയായ സൈനികനെ വീട്ടിൽനിന്ന്‌ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു. സൈന്യത്തിൽ ശിപായിയായ സെർട്ടോ താങ്‌താങ് കോമിനെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ വീട്ടിൽനിന്ന്‌ ശനിയാഴ്ചയാണ്‌ സായുധരായ മൂന്നുപേർ തട്ടിക്കൊണ്ടുപോയത്‌. ഞായർ രാവിലെ ഇംഫാൽ ഈസ്റ്റിലെ ഖുനിങ്‌തെക് ഗ്രാമത്തിൽ നിന്നാണ്‌ തലയിൽ വെടിയേറ്റ നിലയിൽ കോമിന്റെ മൃതദേഹം കണ്ടെടുത്തത്‌.

വീടിന്റെ മുന്നിൽനിന്ന കോമിനെ പിസ്‌റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തി മൂന്നുപേർ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്ന്‌ ദൃക്‌സാക്ഷിയായ പത്തുവയസ്സുകാരൻ മകൻ പറഞ്ഞു. താങ്‌താങ് കോമിന്റെ  കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ച സൈന്യം കുടുംബത്തിന്‌ എല്ലാ സഹായവും നൽകുമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. ഭാര്യയും രണ്ട്‌ മക്കളുമടങ്ങുന്നതാണ്‌ കൊല്ലപ്പെട്ട സൈനികന്റെ കുടുംബം.

ദ്രുതകർമ സേനയെ പിൻവലിക്കാൻ നീക്കം
കലാപബാധിതമായ മണിപ്പുരിൽ വിന്യസിച്ചിട്ടുള്ള 10 കമ്പനി ദ്രുതകർമ സേനയെ ( ആർഎഎഫ്) ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്‌. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ക്രമസമാധാന ചുമതലകൾക്കും പരിശീലനം ലഭിച്ച സേനയെ കലാപബാധിത മേഖലയിൽ വിന്യസിക്കുന്നത്‌ പ്രയോജനം ചെയ്യുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ്‌ നീക്കം. ജൂലൈ ആറിന്‌ ആർഎഎഫ് ഇതുസംബന്ധിച്ച റിപ്പോർട്ട്‌ കേന്ദ്രത്തിന്‌ സമർപ്പിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു.

ജൂലൈ നാലിന്‌ ഇന്ത്യൻ റിസർവ്‌ പൊലീസ്‌ ബറ്റാലിയനിൽനിന്ന്‌ ആയുധങ്ങൾ കവരാൻ ശ്രമിച്ച ജനക്കൂട്ടത്തെ ആർഎഎഫിനും അസം റൈഫിൾസിനും  നേരിടേണ്ടിവന്നു. മെയ്‌ത്തീ വനിതാ സംഘടനയായ മെയ്‌ര പെയ്‌ബിയുടെ നേതൃത്വത്തിൽ സുരക്ഷാസേനയെ വളയുന്ന സ്ഥിതിയുണ്ടായി. കാര്യമായ ആയുധശേഷി ഇല്ലാത്ത ആർഎഎഫ്‌ വലിയ വെല്ലുവിളിയാണ്‌ നേരിട്ടതെന്നും റിപ്പോർട്ടിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top