25 April Thursday

കേരളത്തിൽ എൽഡിഎഫ്‌ ഭരണം തുടരും: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Friday Feb 26, 2021

ന്യൂഡൽഹി > കേരളത്തിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഭരണം നിലനിർത്തുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദശകങ്ങളായി നിലനിൽക്കുന്ന പതിവ്‌ തെറ്റിച്ചാണ്‌ എൽഡിഎഫ്‌ വിജയം ആവർത്തിക്കുക. അഞ്ച്‌ വർഷം എൽഡിഎഫ്‌ സർക്കാർ ചെയ്‌ത കാര്യങ്ങളാണ്‌ ഇതിനു പ്രധാന കാരണം. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ഈയിടെ തദ്ദേശസ്ഥാപനങ്ങളിലേയ്‌ക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലഭിച്ചു.

ബിജെപിയോടൊപ്പം ചേർന്ന്‌ എൽഡിഎഫിനെ പരാജയപ്പെടുത്താനാണ്‌ കേരളത്തിൽ  കോൺഗ്രസ്‌ നേതൃത്വത്തിലുള്ള യുഡിഎഫ്‌ ശ്രമിക്കുന്നത്‌. ജനങ്ങൾ ഈ ശ്രമം വിജയിക്കാൻ അനുവദിക്കില്ല. സംസ്ഥാനത്തെ ചുവരെഴുത്ത്‌ വ്യക്തമാണ്‌. ബംഗാളിൽ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ബദൽ മുന്നണി കരുത്ത്‌ തെളിയിക്കും. ടിഎംസി സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ശക്തമാണ്‌. ഇതിൽനിന്ന്‌ മുതലെടുക്കാനാണ്‌ ബിജെപി നീക്കം.

ബിജെപിയെ തോൽപിക്കാൻ ടിഎംസിയെ ചെറുക്കണം. ടിഎംസി സർക്കാരിന്റെ നയങ്ങൾക്കെതിരെ മാസങ്ങളായി ഇടതുപക്ഷം പോരാട്ടത്തിലാണ്‌. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എഐഎഡിഎംകെ–-ബിജെപി സഖ്യം പരാജയപ്പെടും. അസമിലും ബിജെപിയെ പരാജയപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയും  ദേശീയ ആസ്‌തികൾ കൊള്ളയടിക്കുകയും ചെയ്യുന്ന  ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന ശക്തികളെ ഏകോപിപ്പിക്കാൻ സിപിഐ എം ശ്രമിച്ചുവരികയാണെന്ന്‌ സീതാറാം യെച്ചൂരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top