18 December Thursday

ബിജെപിയെ പുറത്താക്കേണ്ടത്‌ രാജ്യസ്‌നേഹികളുടെ കടമ: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

ന്യൂഡൽഹി> രാജ്യത്തെ രക്ഷിക്കാൻ ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കേണ്ടത്‌ രാജ്യസ്‌നേഹികളുടെ അടിയന്തരകടമയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മതനിരപേക്ഷ, ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചുനിന്നാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി എന്നിവയ്‌ക്കായുള്ള ദേശീയ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

ഭരണഘടനയുടെ അടിസ്ഥാനശിലകളായ  മതനിരപേക്ഷത, സാമ്പത്തിക പരമാധികാരം, സാമൂഹ്യനീതി, ഫെഡറലിസം  എന്നിവ ബിജെപി ഭരണത്തിൽ തുടർച്ചയായി ആക്രമണം നേരിടുകയാണെന്ന്‌ യെച്ചൂരി  പറഞ്ഞു. ബിജെപിയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ 28 പാർടികളുടെ കൂട്ടായ്‌മ നിലവിൽ വന്നു. രാജ്യത്തെ രക്ഷിക്കാനും മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാനും പോരാട്ടം തുടരണം. ഈ പോരാട്ടം വിജയിക്കുമെന്ന്‌ ഉറപ്പാണെന്നും യെച്ചൂരി പറഞ്ഞു.

‘ജീതേഗ ഇന്ത്യ’ പ്രചാരണത്തിന്റെ ഭാഗമായാണ്‌ കോൺസ്‌റ്റിട്യൂഷൻ ക്ലബ്‌ ഹാളിൽ കൺവൻഷൻ സംഘടിപ്പിച്ചത്‌. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി  ദീപാങ്കർ ഭാട്ടാചാര്യ, കോൺഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌സിങ്‌,  സമാജ്‌വാദി പാർടി നേതാവ്‌ ജാവേദ്‌ അലി ഖാൻ, ഫോർവേർഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ,  യോഗേന്ദ്ര യാദവ്‌, സി പി ജോൺ എന്നിവർ സംസാരിച്ചു. ഒക്ടോബർ രണ്ടിന്‌ വർധയിലെ സേവാഗ്രാമിൽനിന്ന്‌ പ്രചാരണത്തിന്‌ തുടക്കം കുറിക്കും. 1,25,000 വളണ്ടിയർമാർ രാജ്യത്തെ ഗ്രാമങ്ങൾതോറും  പ്രചാരണം നടത്തുമെന്നും സംഘാടകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top