24 April Wednesday

ബിജെപിയെ തോൽപിക്കാൻ കഴിയില്ലെന്ന പ്രചാരണത്തിന്‌ അടിസ്ഥാനമില്ല: യെച്ചൂരി

പ്രത്യേക ലേഖകൻUpdated: Monday Mar 27, 2023

ന്യൂഡൽഹി> തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന മാധ്യമപ്രചാരണം തെറ്റിദ്ധാരണാജനകമാണെന്ന്‌ സിപിഐ എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മാധ്യമങ്ങളെ വരുതിയിൽനിർത്തിയാണ്‌ ബിജെപി ഇക്കാര്യം പ്രചരിപ്പിക്കുന്നത്‌. ഇക്കാെല്ലം തുടക്കത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിൽ മാത്രമാണ്‌ ബിജെപിക്ക്‌ ഭരണം നിലനിർത്താനായത്‌. ഹിമാചൽപ്രദേശിലും 15 വർഷമായി ഭരിച്ചുവന്ന ഡൽഹി നഗരസഭയിലും ബിജെപി തോറ്റു.

ത്രിപുര, നാഗാലാൻഡ്‌, മേഘാലയ നിയമസഭകളിലേയ്‌ക്ക്‌ നടന്ന തെരഞ്ഞെടുപ്പുകളിൽ മൊത്തം 180ൽ 44 സീറ്റിൽ മാത്രമാണ്‌ ബിജെപി ജയിച്ചത്‌. ത്രിപുരയിൽ ബിജെപി എംഎൽഎമാരുടെ എണ്ണം 46ൽനിന്ന്‌ 32 ആയി. നാഗാലാൻഡിൽ 12 സീറ്റോടെ വിദൂര രണ്ടാം സ്ഥാനക്കാരായി. മേഘാലയയിൽ രണ്ടിടത്ത്‌ ജയിച്ച ബിജെപിക്ക്‌  ബാക്കി 58 സീറ്റിലും  കെട്ടിവച്ച കാശ്‌ പോയി.  ത്രിപുരയിൽ 38.97, നാഗാലാൻഡിൽ 18.81, മേഘാലയയിൽ 9.33 ശതമാനം വീതം വോട്ട്‌ മാത്രമാണ്‌ ബിജെപിക്ക്‌ ലഭിച്ചത്‌. പ്രാദേശിക കക്ഷികളുടെ ബലത്തിലാണ്‌ മൂന്നിടത്തും അവർക്ക്‌ അധികാരം ലഭിച്ചത്‌.

അതേസമയം മഹാരാഷ്‌ട്രയിലെ  പുണെ ജില്ലയിൽ രണ്ട്‌ ദശകമായി ബിജെപിയുടെ കയ്യിലായിരുന്ന  കസ്‌ബ പേഥ്‌ നിയമസഭ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു. ബംഗാളിൽ  2021ൽ ടിഎംസി അരലക്ഷം വോട്ടിന്‌ ബിജെപിയെ തോൽപിച്ച സാഗർദിഗി നിയമസഭ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌–-ഇടതുമുന്നണി സ്ഥാനാർഥി 23,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപി മൂന്നാം സ്ഥാനത്തായി.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനതല സഖ്യങ്ങളും സീറ്റ്‌ ധാരണയും വഴിയാണ്‌ ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുക. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായി നടക്കുന്ന അപവാദപ്രചാരണത്തെയും വ്യക്തിഹത്യയെയും പിബി യോഗം അപലപിച്ചു. ബിജെപിക്കും കോൺഗ്രസ്‌ നേതൃത്വത്തിലുള്ള യുഡിഎഫിനും ഇക്കാര്യത്തിൽ ഒരേ പങ്കാണ്‌. കേരള ജനത ഇതിനു ഉചിതമായ മറുപടി നൽകുമെന്ന്‌ സീതാറാം യെച്ചൂരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top