കൊൽക്കത്ത
സംഘപരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര ബിജെപി സർക്കാർ അധികാരം ഉപയോഗിച്ച് എല്ലാ ഭരണ സംവിധാനങ്ങളെയും ഇഷ്ടത്തിനും താൽപ്പര്യത്തിനുമായി അട്ടിമറിക്കുകയാണന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാർലമെന്റ്, നിയമ സംവിധാനം, തെരഞ്ഞെടുപ്പ് വ്യവസ്ഥിതി തുടങ്ങി എല്ലാം അട്ടിമറിക്കുന്ന ബിജെപി ഭരണം അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യം വൻവിപത്തിലേക്ക് നീങ്ങും. ഇതിനെതിരെ എല്ലാ ജനാധിപത്യ മതേതര കക്ഷികളെയും യോജിപ്പിച്ച് മുന്നേറാനുള്ള നയമാണ് സിപിഐ എം സ്വീകരിക്കുന്നത്. സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് സമാപനംകുറിച്ച് കൊൽക്കത്തയിൽ ബഹുജനറാലിയിൽ യെച്ചൂരി പറഞ്ഞു.

സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് സമാപനംകുറിച്ച് കൊൽക്കത്തയിൽ നടന്ന ബഹുജനറാലി
അദാനിയെപ്പോലുള്ള വൻകിട കുത്തകകളെ കൈയഴിഞ്ഞ് സഹായിച്ച്, എല്ലാ സംരക്ഷണവും നൽകുന്ന മോദി സർക്കാർ സാധാരണക്കാരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കാണുന്നില്ല. സാധാരണക്കാരുടെ ജീവിതോപാധികളായ നിക്ഷേപമാണ് എൽഐസിപോലുള്ള പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങൾ കുത്തകകൾക്കുവേണ്ടി തിരിമറി നടത്തുന്നത്. ഇതിനെതിരെ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് പോരാടണമെന്നും യെച്ചൂരി പറഞ്ഞു.
കൊൽക്കത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, കേന്ദ്ര കമ്മിറ്റി അംഗം ദേബലീനാ ഹേബ്രം എന്നിവർ സംസാരിച്ചു. റാലിക്കു മുന്നോടിയായി പ്രഥമ പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്ന പി സുന്ദരയ്യ, ബി ടി രണദിവെ, ഇ എം എസ്, എ കെ ജി, ഹർകിഷൻ സിങ് സുർജിത്, എം ബസവ പുന്നയ്യ, പി രാമമൂർത്തി, ജ്യോതി ബസു, പ്രമോദ് ദാസ് ഗുപ്ത എന്നിവരുടെ പേരിലുള്ള ജനകീയ ബ്രിഗേഡുകൾ മാർച്ച് നടത്തി. നൂറുകണക്കിനാളുകൾ ഓരോ ബ്രിഗേഡിലും അണിനിരന്നു. ബ്രിഗേഡ് ക്യാപ്റ്റന്മാരെ യെച്ചൂരി അനുമോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..