20 April Saturday
ആക്രമണങ്ങൾ തടയാൻ നടപടിയില്ലെങ്കിൽ 
സേനകളെ വിന്യസിച്ചതുകൊണ്ട്‌ കാര്യമില്ല

ത്രിപുരയിൽ ആക്രമണങ്ങൾ തുടരുന്നു , തെരഞ്ഞെടുപ്പ്‌ കമീഷൻ ഉറപ്പ്‌ പാഴാകുന്നു : സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023


ന്യൂഡൽഹി
തെരഞ്ഞെടുപ്പ്‌ കമീഷൻ നൽകിയ ഉറപ്പിന്‌ വിരുദ്ധമായി ത്രിപുരയിൽ തുടർച്ചയായി ആക്രമണങ്ങൾ നടക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ രാജീവ്‌ കുമാറിന്‌ കത്ത്‌ നൽകി. കമീഷന്റെ പൂർണ സംഘം സംസ്ഥാനം സന്ദർശിച്ച്‌ മടങ്ങിയതിന്‌ തൊട്ടുപിന്നാലെയാണ്‌ പ്രതിപക്ഷകക്ഷികൾക്കുനേരെ ആക്രമണം. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഒമ്പത്‌ ആക്രമണമുണ്ടായി. പൊലീസ്‌ സംവിധാനം നിഷ്‌ക്രിയമാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ നൽകിയ വാക്ക്‌ പാലിക്കപ്പെടുന്നില്ല.

ജനുവരി 12ന്‌ ഗോമതി ജില്ലയിലെ ഉദയ്‌പുർ ഡാക്‌ ബംഗ്ലാവ്‌ റോഡിൽ നാല്‌ വീട്‌ ആക്രമിച്ച്‌ കൊള്ളയടിച്ചു. 14ന്‌ ഉദയ്‌പുർ മാതാബരിയിൽ സിപിഐ എം ലോക്കൽകമ്മിറ്റി ഓഫീസ്‌ കത്തിച്ചു.15ന്‌ ദക്ഷിണ ത്രിപുരയിലെ സന്ദീർബസാറിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ശ്രീമന്ത ഡേയെ ആക്രമിച്ച്‌ തലയ്‌ക്ക്‌ പരിക്കേൽപ്പിച്ചു. 18ന്‌ ദക്ഷിണ ത്രിപുരയിലെ ബർപാതരിയിൽ യോഗം കഴിഞ്ഞ്‌ മടങ്ങിയ അഞ്ച്‌ സിപിഐ എം പ്രവർത്തകരെ ആക്രമിച്ചു. അന്നുതന്നെ ബലോണിയയിൽ സിപിഐ എം എംഎൽഎ സുധൻദാസും പശ്‌ചിമ ത്രിപുരയിലെ എസ്‌എൻ കോളനിയിൽ മുൻമന്ത്രി മണിക്‌ ദേയും പങ്കെടുത്ത യോഗങ്ങൾ അലങ്കോലപ്പെടുത്തി.

പശ്‌ചിമ ത്രിപുരയിലെ ജിറാണിയയിൽ 18ന്‌ കോൺഗ്രസ്‌ നേതാവ്‌ ഡോ. അജോയ്‌ കുമാർ പങ്കെടുത്ത യോഗം സംസ്ഥാന മന്ത്രി സുശാന്ത ചൗധരിയുടെ നേതൃത്വത്തിൽ ആക്രമിച്ചു. കമൽപുർ ദലായിൽ ടിപ്ര പ്രവർത്തകൻ പ്രാൺജിത്‌ നാംസുദ്ര കൊല്ലപ്പെട്ടു. 19ന്‌ പശ്‌ചിമ ത്രിപുര മലൈയ്‌ നഗറിൽ സിപിഐ എം ഓഫീസ്‌ തകർത്തു–-കമീഷന്‌ നൽകിയ കത്തിൽ പറഞ്ഞു.ആക്രമണങ്ങൾ തടയാൻ നടപടി ഉണ്ടാകാത്തപക്ഷം സേനകളെ വിന്യസിച്ചതുകൊണ്ട്‌ കാര്യമില്ലെന്ന്‌ സീതാറാം യെച്ചൂരി മാധ്യമങ്ങളോട്‌ പറഞ്ഞു. പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപൽ ബസു, കേന്ദ്ര സെക്രട്ടറിയറ്റംഗം മുരളീധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top