29 March Friday
കസ്‌റ്റംസ്‌ സ്വർണം പിടികൂടിയതിൽ സംസ്ഥാനസർക്കാരിന്‌ ഒന്നും ചെയ്യാനില്ല

സർക്കാരിനെ തകർക്കാൻ ശ്രമം ; യുഡിഎഫ്‌ ബിജെപി നീക്കം ചെറുക്കുക

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020

ന്യൂഡൽഹി
കേരളത്തിൽ എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു. സ്വർണക്കടത്തിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും നടത്തുന്ന വിനാശകരമായ നീക്കത്തെ കേരളജനത പരാജയപ്പെടുത്തുമെന്ന്‌ ഉറപ്പുണ്ടെന്ന്‌ കമ്യൂണിക്കെയിൽ പറഞ്ഞു. കൺസൾട്ടൻസി, വിദേശഫണ്ട്‌ വിവാദങ്ങളിൽ പുതുതായി ഒന്നുമില്ലെന്നും ഇക്കാര്യങ്ങളിൽ  പാർടി മുമ്പ്‌ മറുപടി നൽകിയതാണെന്നും യോഗതീരുമാനം വിശദീകരിച്ച്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

സ്വർണക്കടത്ത്‌ പൂർണമായും കേന്ദ്ര അധികാരപരിധിയിലാണ്‌. കസ്‌റ്റംസ്‌ സ്വർണം പിടികൂടിയതിൽ സംസ്ഥാനസർക്കാരിന്‌ ഒന്നും ചെയ്യാനില്ല. നയതന്ത്ര ബാഗ്‌ സംവിധാനംവഴി‌ സ്വർണം കടത്തിയതിനെക്കുറിച്ച്‌ വിശദ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി കേന്ദ്രത്തിന്‌ കത്തെഴുതി. പാർലമെന്റ്‌ പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന എൻഐഎ അന്വേഷണം നടത്തുന്നു‌. കുറ്റക്കാരെ എൻഐഎ കണ്ടെത്തി ശിക്ഷിക്കട്ടെ. ഇപ്പോൾ നിഗമനങ്ങളിൽ എത്തേണ്ടതില്ല. കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയത്ത്‌ യുഡിഎഫും ബിജെപിയും ഒന്നുചേർന്ന്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. ഏതെങ്കിലും രീതിയിൽ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല. അന്വേഷണം ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ മറ്റ്‌ ചോദ്യങ്ങൾ ഉയർത്തുന്നതിൽ കാര്യമുണ്ടായിരുന്നു–-‌ യെച്ചൂരി പ്രതികരിച്ചു.

ബിഹാറിൽ ഡിജിറ്റൽ വോട്ടെടുപ്പിനെ‌ എതിർക്കും
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി–-ജെഡിയു സഖ്യത്തെ പരാജയപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ഇതിനായി ഇതര ശക്തികളുമായി യോജിച്ചുനീങ്ങുമെന്ന്‌ സിപിഐ എം, സിപിഐ, സിപിഐ എംഎൽ പാർടികൾ സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. നീതിപൂർവമായ തെരഞ്ഞെടുപ്പ്‌ അസാധ്യമാക്കുന്ന ഡിജിറ്റൽ പ്രചാരണം, ഡിജിറ്റൽ വോട്ടെടുപ്പ്‌ എന്നിവയെ ശക്തിയായി എതിർക്കും.

രാജസ്ഥാനിൽ ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടനീക്കം പരാജയപ്പെടുത്താൻ വേണ്ട നിലപാട്‌ സിപിഐ എം എംഎൽഎമാർ സഭയിൽ സ്വീകരിക്കും. രാജ്യ താൽപ്പര്യങ്ങൾക്ക്‌ ഹാനികരമായ വിധത്തിൽ മോഡിസർക്കാർ അമേരിക്കയുടെ വിധേയപങ്കാളിയായി മാറുന്നു.

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും പൊതുവിതരണ സമ്പ്രദായത്തെയും തകർക്കുന്ന പരിഷ്‌കാരമാണ്‌ കേന്ദ്രം കാർഷികമേഖലയിൽ നടപ്പാക്കുന്നതെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി യെച്ചൂരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top