24 April Wednesday
ടിക്രിയില്‍ മൂന്ന് വനിതാ കർഷകർ 
വാഹനാപകടത്തില്‍ മരിച്ചത് അന്വേഷിക്കണം

സിന്‍ഘുവില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപിക്കാര്‍ : സംയുക്ത കിസാൻമോർച്ച

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


ന്യൂഡൽഹി
സിൻഘു സമരകേന്ദ്രത്തിൽ ആർഎസ്‌എസ്‌– ബിജെപി അക്രമികൾ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചതിനെ സംയുക്ത കിസാൻമോർച്ച (എസ്‌കെഎം) അപലപിച്ചു. യുപിയില്‍ നിന്നത്തിയ ‘ഹിന്ദ്‌ മസ്‌ദൂർ കിസാൻ സമിതി’ക്കാരാണ് അക്രമത്തിന്‌ ശ്രമിച്ചത്‌. ഡൽഹി പൊലീസ്‌ തടഞ്ഞതിനാല്‍ പ്രശ്‌നങ്ങൾ ഒഴിവായി.

ബിജെപി രൂപീകരിച്ച സംഘടനയുടെ ഭാരവാഹികളിൽ കേന്ദ്രമന്ത്രി സഞ്‌ജീവ്‌ ബല്യാണുമുണ്ട്‌. കാർഷികനിയമങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഇവർ കൃഷിമന്ത്രിയെ കണ്ടിരുന്നു. നിഹങ്ക്‌ സംഘം കൊലപ്പെടുത്തിയ ലഖ്‌ബീർസിങ്ങിന്റെ കുടുംബത്തിന്‌ നീതി ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഇത്‌. സമാധാനപരമായി നടക്കുന്ന കർഷകസമരത്തിൽ സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ്‌ ഇതിനു പിന്നിൽ.

ടിക്രി അതിർത്തിയിലെ വാഹനാപകടത്തിൽ അമർജീത്‌ കൗർ, ഗുൽമേൽ കൗർ, ഹർമീത്‌ കൗർ എന്നീ മൂന്ന്‌ വനിതാ കർഷകർ കൊല്ലപ്പെട്ടതിൽ എസ്‌കെഎം അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തിനു പിന്നിൽ കള്ളക്കളി സംശയിക്കാതിരിക്കാൻ കഴിയില്ല. നിഷ്‌പക്ഷ അന്വേഷണം നടത്തണം.
സമരത്തെ പിന്തുണയ്‌ക്കുന്നവരുടെ ദീർഘകാല വിസകളും ഒസിഐ (ഓവർസീസ്‌ സിറ്റിസൺസ്‌ ഓഫ്‌ ഇന്ത്യ) കാർഡുകളും കേന്ദ്രസർക്കാർ റദ്ദാക്കുന്നു. കേന്ദ്രം പറയുന്നത്‌ ഇവർ ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ്‌. കർഷകസമരത്തിന്‌ പിന്തുണ നൽകുന്നത്‌ രാജ്യവിരുദ്ധ പ്രവർത്തനമല്ല–- എസ്‌കെഎം പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top