25 April Thursday
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് 
ലിംഗായത്ത്, വൊക്കലിഗ വിഭാ​ഗങ്ങള്‍

ഇടഞ്ഞ് ശിവകുമാർ , സിദ്ദരാമയ്യ ഡൽഹിയിൽ

പ്രത്യേക ലേഖകൻUpdated: Tuesday May 16, 2023


ന്യൂഡൽഹി
കർണാടക മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്ക്‌ പരസ്യഅവകാശവാദം ഉന്നയിച്ച്‌  മുന്‍മുഖ്യമന്ത്രി സിദ്ദരാമയ്യയും പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും. ഇവരുടെ തർക്കം രൂക്ഷമായതോടെ അനുനയനീക്കവുമായി കോണ്‍​ഗ്രസ് ഹൈക്കമാന്‍ഡ്. ഇരുനേതാക്കളെയും നേതൃത്വം ഡല്‍ഹിലേക്ക് വിളിപ്പിച്ചെങ്കിലും  ശിവകുമാര്‍ യാത്ര ഒഴിവാക്കി. എന്നാല്‍ ശിവകുമാറി‍ന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷ് ഡല്‍ഹിയിലെത്തി കോണ്‍​ഗ്രസ് പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയെ കണ്ടു. പിന്നാലെ  ചൊവ്വാഴ്‌ച ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തുമെന്ന്‌ ശിവകുമാർ പറഞ്ഞു.

135 കോൺഗ്രസ്‌ എംഎൽഎമാരിൽ 90 പേരുടെ പിന്തുണ സിദ്ദരാമയ്യ പരസ്യമായി അവകാശപ്പെട്ടതും ലിംഗായത്‌, വൊക്കലിഗ സമുദായനേതാക്കള്‍ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നതും ഹൈക്കമാന്‍ഡിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ചര്‍ച്ചകള്‍ക്കായി സിദ്ദരാമയ്യ തിങ്കൾ ഉച്ചയ്‌ക്കുശേഷം ഡൽഹിയിലെത്തിയിരുന്നു. എന്നാല്‍, രാത്രിയോടെ ആരോ​ഗ്യസ്ഥിതി മോശമെന്ന് അറിയിച്ച് ശിവകുമാര്‍ യാത്ര ഒഴിവാക്കി. സിദ്ദരാമയ്യയ്ക്ക് നറുക്കു വീഴുമെന്ന സൂചന കിട്ടിയതോടെയാണിത്. കർണാടകത്തിൽ കോൺഗ്രസ്‌ പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ താങ്ങായി നിന്നതും മുന്നിൽനിന്ന്‌ നയിച്ചതും താനാണെന്ന്‌ വൈകിട്ട് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. റിബലാകാനും വിലപേശാനുമില്ല, ഉത്തരവാദിത്വം നന്നായി നിറവേറ്റിയവരോട് അല്‍പ്പം നന്ദി കാണിച്ചാല്‍ മതി. സിദ്ദരാമയ്യയ്‌ക്ക്‌ ആശംസ, ശിവകുമാര്‍ വികാരാധീനനായി പറഞ്ഞു.


 

ഉപമുഖ്യമന്ത്രിപദവിയും പ്രധാന വകുപ്പും നൽകി ശിവകുമാറിനെ അനുനയിപ്പിക്കാനാണ്‌ ഹൈക്കമാൻഡ്‌  ശ്രമിക്കുന്നത്. എന്നാൽ, താൻ മുഖ്യമന്ത്രിയാകുമെന്ന്‌ സിദ്ദരാമയ്യ ടെലിവിഷൻ ചാനലിനോട്‌ പറഞ്ഞതും ഉപമുഖ്യമന്ത്രി സ്ഥാനത്തിന്‌ ആഗ്രഹമുണ്ടെന്ന്‌ മുതിർന്ന നേതാവ്‌ എം ബി പാട്ടീൽ പ്രസ്‌താവന നടത്തിയതും ശിവകുമാറിനെ പ്രകോപിപ്പിച്ചു. കൂടുതൽ എംഎൽഎമാർ തന്നോടൊപ്പമാണെന്നും ഇപ്പോൾ നടക്കുന്നത്‌ നടപടിക്രമങ്ങൾ മാത്രമാണെന്നും സിദ്ദരാമയ്യ അഭിമുഖത്തിൽ പറഞ്ഞു. പിന്നാലെ ലിംഗായത്ത്‌, വൊക്കലിഗ വിഭാഗം നേതാക്കള്‍ ശിവകുമാറിന്‌ പിന്തുണ അറിയിച്ച് രം​ഗത്തെത്തി. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന്‌ വൊക്കലിഗ നേതാവ്‌ ആദി ചുഞ്ചനഗിരി നിർമലാനന്ദ നാഥ പരസ്യമായി ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ മികച്ച വിജയം നേടിയത് ശിവകുമാറി‍ന്റെ  ധൈര്യം കൊണ്ടാണെന്ന് കോൺഗ്രസിന്റെ പ്രചാരണ തന്ത്രജ്ഞൻ നരേഷ്‌ അറോറ പ്രതികരിച്ചു.

നിയുക്ത എംഎൽഎമാർ കഴിഞ്ഞദിവസം ബംഗളൂരുവിൽ യോഗം ചേർന്ന്‌, പുതിയ മുഖ്യമന്ത്രിയെ നിശ്‌ചയിക്കാൻ എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തി. തുടർന്ന്‌ നിരീക്ഷകർ എംഎൽഎമാരെര ഒറ്റയ്‌ക്ക്‌ഒറ്റയ്‌ക്ക്‌ കണ്ടപ്പോൾ 85 പേർ സിദ്ദരാമയ്യയെയും 45 പേർ ശിവകുമാറിനെയും അനുകൂലിച്ചു.  അഞ്ചുപേർ ഹൈക്കമാൻഡ്‌ തീരുമാനിക്കട്ടെയെന്നാണ്‌ അഭിപ്രായപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top