25 April Thursday

ശിവസേന ഉദ്ധവിനൊപ്പം ; 37 എംഎൽഎമാർ തന്നോടൊപ്പമുണ്ടെന്ന്‌ ഷിൻഡെ

പ്രത്യേക ലേഖകൻUpdated: Saturday Jun 25, 2022


ന്യൂഡൽഹി
എംഎൽഎമാരെ ചാക്കിട്ട്‌ പിടിച്ച്‌ മഹാരാഷ്ട്ര മഹാസഖ്യ സർക്കാറിനെ  അട്ടിമറിക്കാനുള്ള ഏക്‌നാഥ്‌ ഷിൻഡെയുടെ നീക്കത്തിനിടെ ശിവസേനയിൽ സംഘടനാപരമായ നിയന്ത്രണം ഉറപ്പിച്ച്‌ മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ. ബിജെപി നീക്കങ്ങൾക്ക്‌ തടയിടാനുള്ള നീക്കങ്ങളിൽ ശിവസേന  ഉദ്ധവിനൊപ്പമാണെന്ന്‌ വ്യക്തം. ശനിയാഴ്‌ച ശിവസേന ദേശീയ എക്‌സിക്യൂട്ടീവ്‌ യോഗം ചേരും. 

ഉദ്ധവ്‌ താക്കറേയുടെ മകനും സംസ്ഥാന മന്ത്രിയുമായ ആദിത്യ താക്കറേ പാർടി ജില്ലാ പ്രസിഡന്റുമാരുമായി ചർച്ച നടത്തി. നിയമസഭാകക്ഷി വിപ്പായി അജയ്‌ ചൗധരിയെ ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ അംഗീകരിച്ചു. ഭരത്‌ ഗോഗാവാലയെ വിപ്പായി നിയമിക്കണമെന്ന ഷിൻഡെപക്ഷത്തിന്റെ ആവശ്യം തള്ളി. ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങുന്ന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന്‌ ആവശ്യപ്പെട്ടേക്കും. വിമതരെ സമ്മർദത്തിലാക്കുകയാണ്‌ ലക്ഷ്യം. ശരദ്‌ പവാറിന്റെ നേതൃത്വത്തിൽ എൻസിപി നേതാക്കൾ താക്കറേ കുടുംബത്തിലെത്തി ചർച്ച നടത്തി. 

ബിജെപി പിന്തുണയോടെ ശിവസേനയെ പിളർത്താൻ ശ്രമിക്കുന്ന ഷിൻഡെ 37 എംഎൽഎമാർ തന്നോടൊപ്പമുണ്ടെന്ന്‌ അവകാശപ്പെട്ട്‌  ഗവർണർ ഭഗത്‌സിങ്‌ കോഷ്‌യാരിക്ക്‌ കത്തയച്ചു. 55 അംഗ നിയമസഭാ കക്ഷിയിൽ 37 പേരുടെ പിൻബലമുണ്ടെങ്കിൽ  കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാകുന്നത്‌ ഒഴിവാക്കാനാകും. അഞ്ച്‌ സ്വതന്ത്രരും ഷിൻഡെപക്ഷത്തുണ്ട്‌.  യഥാർഥ ശിവസേന തങ്ങളുടേതാണെന്ന്‌ അവകാശപ്പെട്ട്‌ തെരഞ്ഞെടുപ്പുകമീഷനെ സമീപിക്കാനും ഷിൻഡെക്ക് നീക്കമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top