18 April Thursday
രാമജന്മഭൂമി പ്രസ്ഥാനത്തിന്‌ വിഎച്ച്‌പി തുടക്കം 
കുറിച്ചപ്പോൾ മതനിരപേക്ഷ നിലപാടുകൊണ്ട്‌ 
ശീതള സിങ് ശ്രദ്ധനേടി

വിടപറഞ്ഞത്‌ മതനിരപേക്ഷതയുടെ കാവലാളായ പത്രാധിപർ

പ്രത്യേക ലേഖകൻUpdated: Wednesday May 17, 2023


ന്യൂഡൽഹി
വിട പറഞ്ഞത്‌ ധീരവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനത്തിന്റെ പര്യായമായ ഉന്നതശീർഷൻ. അഞ്ചര പതിറ്റാണ്ടോളം ഫൈസാബാദിലെ ‘ജന മോർച്ച’ ദിനപത്രത്തിന്റെ സാരഥിയായ ശീതള സിങ്‌ (91) യാത്രയായത്‌ മതനിരപേക്ഷ ചേരിയിൽനിന്നുള്ള പോരാട്ടത്തിന്റെ ഉജ്വല ചരിത്രം രചിച്ചശേഷം. ഹിന്ദി പത്രപ്രവർത്തനത്തിൽ വേറിട്ട വാക്കായിരുന്നു അദ്ദേഹം.

അയോധ്യകേന്ദ്രമായി രാമജന്മഭൂമി പ്രസ്ഥാനത്തിന്‌ വിഎച്ച്‌പി തുടക്കം കുറിച്ചപ്പോൾ ‘ജന മോർച്ച’യും ശീതള സിങ്ങും സ്വീകരിച്ച നിലപാട്‌  സവിശേഷ ശ്രദ്ധനേടി. മതനിരപേക്ഷ മൂല്യങ്ങളിലും വസ്‌തുനിഷ്‌ഠതയിലും ഉറച്ചുനിന്ന ‘ജന മോർച്ച’യെ ആർഎസ്‌എസും കർസേവകരും ശത്രുവായി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ അവധ്‌ മേഖലയിൽ പല ജില്ലയിലും വൻ പ്രചാരമുള്ള പത്രമായിരുന്നു ‘ജന മോർച്ച’. നിശാനിയമം ലംഘിച്ച്‌  ബാബ്‌റി മസ്ജിദ്‌ ആക്രമിച്ചവർക്കെതിരെ 1990 ഒക്ടോബർ 30, നവംബർ രണ്ട്‌ എന്നീ ദിവസങ്ങളിലുണ്ടായ വെടിവയ്‌പിന്റെ വിശദാംശങ്ങൾ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്‌ത ഏക ഹിന്ദി പത്രം ‘ജന മോർച്ച’യാണ്‌. ഇതേത്തുടർന്ന്‌ ആർഎസ്‌എസ്‌ പ്രവർത്തകർ വീടുതോറും കയറി ‘ജന മോർച്ച’ വരുത്തുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

ദേശീയ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി പൊതുരംഗത്തുവന്ന ശീതള സിങ്‌ കമ്യൂണിസ്റ്റ്‌ പാർടിയിലും പ്രവർത്തിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മൃതദേഹം സർക്കാർ മെഡിക്കൽ കോളേജ്‌ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകി. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top