19 April Friday

നൂറോളം ശാസ്‌ത്ര പുരസ്‌കാരങ്ങൾ റദ്ദാക്കി കേന്ദ്രം

സ്വന്തം ലേഖകൻUpdated: Thursday Sep 29, 2022

ന്യൂഡൽഹി
കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ നൽകി വന്നിരുന്ന ശാസ്‌ത്രപുരസ്‌കാരങ്ങളിൽ നൂറോളം പുരസ്‌കാരങ്ങളും എഡ്‌വോമെന്റുകളും നിർത്തലാക്കി. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. വൈകാതെ രാജ്യം നൽകുന്ന ഏറ്റവും ഉയർന്ന ശാസ്ത്ര പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്‌കാരവും റദ്ദാക്കിയേക്കും.  1958 മുതൽ നൽകുന്ന രാജ്യത്തിന്റെ ഏറ്റവും ഉയർന്ന ശാസ്‌ത്ര പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്‌കാരം ഈ വർഷം പ്രഖ്യാപിച്ചില്ല. പകരം  ‘വിജ്ഞാൻ രത്ന’ പുരസ്‌കാരം നൽകുമെന്ന് അവകാശപ്പെടുന്നെങ്കിലും പ്രഖ്യാപനം വന്നിട്ടില്ല.

ശാസ്‌ത്രവകുപ്പിനു പുറമെ ആരോഗ്യം, ബയോടെക്നോളജി, അറ്റോമിക്‌ ഊർജം, ബഹിരാകാശം, കുടുംബക്ഷേമം, ഭൗമശാസ്‌ത്രം വകുപ്പുകളും വിവിധ പുരസ്‌കാരങ്ങൾ നൽകിയിരുന്നു. നാല്‌ ദേശീയ പുരസ്‌കാരമുൾപ്പെടെ ആകെ 208 പുരസ്‌കാരമുണ്ട്‌. 54 സ്‌കോളർഷിപ്‌ പുരസ്‌കാരവും 57 ആഭ്യന്തര പുരസ്‌കാരവുമുണ്ട്‌. ഇതിൽ ഉൾപ്പെടുന്ന 97 സ്വകാര്യ എൻഡോവ്‌മെന്റും പുരസ്‌കാരങ്ങളും ഇതോടൊപ്പം വിജ്ഞാപനത്തിൽ നിർത്തലാക്കി. പുരസ്‌കാരങ്ങൾ ശാസ്‌ത്രസമൂഹത്തിനുള്ള രാജ്യത്തിന്റെ പ്രചോദനമാണെന്നും അത്‌ നിർത്തലാക്കുന്നതിൽ നിരാശയുണ്ടെന്നും ശാസ്‌ത്രലോകം പ്രതികരിച്ചു.

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ) ശാസ്‌ത്രദിനത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാതെ ഇതിൽ പ്രതിഷേധിച്ചിരുന്നു.  യോഗ്യരായവർക്കുമാത്രം പുരസ്‌കാരം നൽകാൻ എണ്ണം വെട്ടിച്ചുരുക്കുന്നുവെന്നാണ്‌ കേന്ദ്രവാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top