12 August Friday

നുപുർ ശർമ്മ രാജ്യത്തോട്‌ മാപ്പുപറയണം; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

എം അഖിൽUpdated: Friday Jul 1, 2022

ന്യൂഡൽഹി> ഉദയ്‌പുരിലെ നിഷ്‌ഠുര കൊലപാതകം ഉൾപ്പെടെ രാജ്യത്ത്‌ ഇപ്പോ ൾ നടക്കുന്ന അക്രമസംഭവങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും പ്രവാചകനെ അധിക്ഷേപിച്ച ബിജെപി നേതാവ്‌ നൂപുർ ശർമയ്‌ക്കാണെന്ന്‌ സുപ്രീംകോടതി. ഇതിൽ രാജ്യത്തോട്‌ മാപ്പുപറയണമെന്നും കോടതി ആവശ്യപ്പെട്ടു.

‘വിവാദ പ്രസ്‌താവന രാജ്യത്തുടനീളം ആളുകളുടെ വികാരങ്ങൾക്ക്‌ തീകൊളുത്തി. പാർടിവക്താവ്‌   എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ല. നിയമവാഴ്‌ചയെ ബഹുമാനിക്കാതെയുള്ള അധികപ്രസംഗമാണ് ഇത്‌. നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തുന്നതിനുമുമ്പ്‌ അത്‌ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ആലോചിക്കണമായിരുന്നു. നിങ്ങൾ രാജ്യത്തോട്‌ മാപ്പ്‌ പറയണം’–-  ജസ്റ്റിസുമാരായ സൂര്യകാന്ത്‌, ജെ ബി പർധിവാല എന്നിവർ അംഗങ്ങളായ ബെഞ്ച്‌ പൊട്ടിത്തെറിച്ചു. പ്രവാചക നിന്ദയിൽ വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസുകളെല്ലാം ഡൽഹിയിലേക്ക്‌ മാറ്റണമെന്ന നൂപുർ ശർമയുടെ ഹർജി പരിഗണിക്കവെയാണ്‌ സുപ്രീംകോടതിയുടെ അതിരൂക്ഷവിമർശം.
നൂപുർശർമ ഖേദം പ്രകടിപ്പിച്ചകാര്യം അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്‌ അറിയിച്ചെങ്കിലും കോടതിയുടെ രോഷം തണുപ്പിക്കാനായില്ല.

സുരക്ഷാഭീഷണിയുണ്ടെന്ന്‌ നിങ്ങൾ പറയുന്നു. എന്നാൽ, നിങ്ങൾതന്നെ ഒരു സുരക്ഷാപ്രശ്‌നമാണോ എന്നാണ്‌ സംശയമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നൂപുറിനെ അറസ്റ്റ്‌ ചെയ്യാത്തത്‌ അവരുടെ രാഷ്ട്രീയസ്വാധീനത്തിനുള്ള തെളിവാണ്.  പിന്തുണയ്‌ക്കാൻ ആൾക്കാരുണ്ടെന്ന അഹങ്കാരത്തിലാണ്‌ ഇത്തരം പരാമർശം നടത്തുന്നത്‌. ഡൽഹി പൊലീസ്‌ ഒന്നും ചെയ്‌തിട്ടില്ല. വിവാദപരാമർശം നടത്തിയവർക്ക്‌ ചുവന്നപരവതാനി വിരിക്കുന്നത് ശരിയല്ല. കീഴ്‌ക്കോടതികളെ സമീപിക്കാതെ നേരിട്ട്‌ സുപ്രീംകോടതിയിലെത്തിയത് അവരുടെ ധാർഷ്ട്യത്തിന്റെ തെളിവാണെന്നും സുപ്രീംകോടതി പറഞ്ഞു. ഇതോടെ ഹർജി പിൻവലിച്ചു.

മെയ്‌ 27ന്‌ ജ്ഞാൻവാപി വിഷയത്തിലെ ടൈംസ് നൗ ചാനൽ സംവാദത്തിൽ ബിജെപി വക്താവായ നൂപുർ ശർമ പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങൾ നടത്തിയത്‌ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്ക് വഴിവച്ചു. രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുകയും വിവിധ ലോകരാജ്യങ്ങൾ രൂക്ഷമായി പ്രതിഷേധിക്കുകയും ചെയ്തതോടെ നൂപുർ ശർമയെ ബിജെപി സസ്‌പെൻഡ്‌ ചെയ്‌തു. എന്നിട്ടും, അവരെ സംരക്ഷിക്കുന്നനില തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിനും ബിജെപിക്കും വലിയ തിരിച്ചടിയായ കോടതി പരാമർശങ്ങളുണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top