23 April Tuesday

മതഭ്രാന്തിന്റെ കുരിശിൽ വീണ്ടും ക്രൂശിതനായി യേശു ; ഛത്തീസ്‌ഗഢിലെ 
നാരായൺപുരിൽ പള്ളിയും ക്രിസ്‌തുരൂപവും അടിച്ചു തകർത്തു

എം അഖിൽUpdated: Sunday Jan 22, 2023

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അക്രമികൾ തകർത്ത ക്രിസ്തുരൂപത്തിന്റെ ഭാഗങ്ങൾ കാണുന്നു


റായ്‌പുർ (ഛത്തീസ്‌ഗഢ്‌)
നാരായൺപുരിലെ സേക്രട്ട്‌ഹാർട്ട്‌ കത്തോലിക്കാ പള്ളി സന്ദർശിക്കുന്നവരുടെ ശ്രദ്ധ ആദ്യം പതിയുക പ്രാർഥനാഹാളിന്റെ പൊട്ടിപ്പൊളിഞ്ഞ വാതിൽപ്പാളിയിലാണ്‌. മഴുവോ ഭാരമുള്ള കല്ലോകൊണ്ട്‌ വലിയ വാതിൽ കുത്തിപ്പൊളിച്ചിട്ടുണ്ട്‌. അൾത്താരയ്‌ക്കു മുകളിലെ കുരിശിൽ ക്രിസ്‌തുവിനെ കാണാനില്ല.

ജനുവരി രണ്ടിനു പകൽ രണ്ടിനാണ്‌ പള്ളിയിലേക്ക്‌ ഇരച്ചുകയറിയ അക്രമികൾ ക്രിസ്‌തുരൂപം തകർത്തത്‌. മേശകളും കസേരകളും ജനൽചില്ലുകളും സ്‌പീക്കറുകളും കന്യാമറിയത്തിന്റെ ശിൽപ്പവുമെല്ലാം അടിച്ചുതകർത്തു.‘‘മൂന്നു മാസമായി പ്രദേശത്ത്‌ സംഘർഷമുണ്ട്‌. ഡിസംബർ 18ന്‌ നിരവധി പള്ളികൾ തകർത്തു. ഇതിനെതിരെ വിശ്വാസികൾ കലക്ടറേറ്റിനു മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ചു. അവിടെനിന്ന്‌ മടങ്ങിയവരെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കാതെ ചിലർ തടഞ്ഞു.

നൂറുകണക്കിനു വിശ്വാസികളെ നാരായൺപുർ ഇൻഡോർ സ്‌റ്റേഡയത്തിലേക്കടക്കം മാറ്റി പാർപ്പിച്ചു. അവരുടെ ക്രിസ്‌മസും പുതുവത്സരവുമെല്ലാം ആ ക്യാമ്പുകളിലായിരുന്നു. പ്രശ്‌നങ്ങൾ അവസാനിച്ചെന്ന്‌ കരുതിയിരിക്കെ ജനുവരി രണ്ടിന്‌ പള്ളിക്കുനേരെ ആക്രമണമുണ്ടായി. ’’–- കണ്ണൂർ സ്വദേശിയായ ഫാദർ ജോമോൻ ദേവസ്യ വിശദീകരിച്ചു.

‘‘300– -400 പേരുള്ള സംഘം പള്ളിക്കുനേരെ കല്ലെറിഞ്ഞു. തൊട്ടടുത്തുള്ള വിശ്വദീപ്‌തി സ്‌കൂളിൽ ആ സമയത്ത്‌ നൂറുകണക്കിനു കുട്ടികളുണ്ടായിരുന്നു. അക്രമികൾ പള്ളിക്കുള്ളിലേക്ക്‌ ഇരച്ചുകയറി എല്ലാം തല്ലിത്തകർത്തു. നാൽപ്പതോളം സിസിടിവി ക്യാമറകളിൽ ദൃശ്യങ്ങളുണ്ട്‌. പൊലീസ് ആരെയും തിരിച്ചറിഞ്ഞിട്ടില്ല.  വർഷങ്ങളായി ഛത്തീസ്‌ഗഢിലാണ്‌ ഞാന്‍ താമസിക്കുന്നത്‌. ഇത്തരമൊരു അനുഭവം ആദ്യം’’–- ഛത്തീസ്‌ഗഢിലെ ക്രൈസ്‌തവവേട്ടയെ കുറിച്ച് മനസ്സിലാക്കാനെത്തിയ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തോട് ഫാദര്‍ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ചു.

അക്രമികൾ തകർത്ത യേശുരൂപം അദ്ദേഹം കാണിച്ചുതന്നു. ബസ്‌തർമേഖലയിലെ ഉൾപ്രദേശങ്ങളിൽ പള്ളികളും പാസ്റ്റർമാരുടെ വീടുകളും നിരന്തരം ആക്രമിക്കപ്പെടുന്നു. സംഘപരിവാര്‍ പിന്തുണയോടെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകളാണ്‌ ആക്രമണങ്ങൾക്കു പിന്നില്‍. കോൺഗ്രസ്‌ സർക്കാർ നോക്കുകുത്തികളായതോടെ അക്രമികൾക്ക്‌ എന്തും ചെയ്യാനുള്ള ധൈര്യമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top